മരിച്ചതായി കരുതിയിരുന്ന വിമുക്ത സൈനികനെ മധ്യപ്രദേശില്‍ നിന്നും കണ്ടെത്തി

ആലപ്പുഴ: മരിച്ചതായി കരുതിയിരുന്ന വിമുക്ത സൈനികനെ മധ്യപ്രദേശില്‍ നിന്നും കണ്ടെത്തി നാട്ടിലെത്തിച്ചു. പത്തുവര്‍ഷത്തിനു മുന്‍പ് മരിച്ചതായി ബന്ധുക്കള്‍ കരുതിയിരുന്ന ആലപ്പുഴ സ്വദേശി സന്തോഷ് കുമാറി(40)നെയാണ് മധ്യപ്രദേശിലെ മണ്ഡ്ല ജില്ലയില്‍ നിന്നും കണ്ടെത്തിയത്. സന്തോഷ് മരിച്ചതായി കരുതി കുടുംബാംഗങ്ങള്‍ മരണാനന്തര ചടങ്ങുകള്‍ പോലും നടത്തിയിരുന്നു.
മാനസിക പ്രശ്നങ്ങളുള്ള ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചതോടെയാണ് ആളെ തിരിച്ചറിയാനായത്. ആയുധങ്ങളെയും യുദ്ധസാമഗ്രികളെയും കുറിച്ച് തനിക്ക് വിവരമുണ്ടെന്ന് സാങ്കേതിക വിവരങ്ങള്‍ സഹിതം വിളിച്ചു പറഞ്ഞിരുന്നതാണ് നാട്ടുകാര്‍ക്ക് ദുരൂഹത തോന്നാനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. മാവോയിസ്റ്റ് പ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള മേഖലയാണ് മണ്ഡ്ല.

വിവരം ലഭിച്ച ജൂലൈ മൂന്നിന് തന്നെ തില്ഗാം പൊലീസ് സ്ഥലത്തെത്തി സന്തോഷിനെ കസ്റ്റഡിയലെടുത്തു. പൊലീസ് കസ്റ്റഡിയിലും ആയുധവിവരങ്ങള് തനിക്കറിയാമെന്ന് ഇയാള്‍ പറഞ്ഞു. ഹിന്ദിയിലും മലയാളത്തിലുമായിരുന്നു സംസാരം. തുടര്‍ന്ന് പൊലീസ് കേരളത്തില്‍ നിന്നുള്ള സിസ്റ്റര്‍ മെഴ്സിയുടെ സഹായം തേടി. ഇയാളോട് കൂടുതല്‍ സംസാരിച്ചതിനെ തുടര്‍ന്ന് സന്തോഷ് കുമാറിന്റെ പേരും സിഗ്നല്‍ കോര്‍പ്സിലെ സൈനികനായിരുന്നുവെന്നും 2006ല്‍ സിക്കിമിലാണ് അവസാനം ജോലി ചെയ്തിരുന്നതെന്നും അറിയാന്‍ സാധിച്ചു.

2007ല്‍ ഇടതുകണ്ണിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് സന്തോഷിന് മാനസികാസ്വാസ്ഥ്യം ബാധിക്കുന്നത്. തുടര്‍ന്ന് സര്‍വീസില്‍ നിന്ന് സ്വമേധയാ വിരമിച്ച് നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ച സന്തോഷ് നാട്ടിലെത്തിയില്ല. 11 വര്‍ഷമായി ട്രെയിനുകളില്‍ അലഞ്ഞുതിരിഞ്ഞ ഇയാള്‍ അടുത്തിടെയാണ് മണ്ഡ്ലയില്‍ എത്തിച്ചേര്‍ന്നതെന്നും പൊലീസ് പറഞ്ഞു.

അലഞ്ഞുതിരിഞ്ഞ് പ്രാകൃതരൂപത്തിലായിരുന്ന സന്തോഷിനെ താടിയും മുടിയും വെട്ടി പുതിയ വസ്ത്രങ്ങള്‍ നല്‍കിയശേഷമുള്ള ഇയാളുടെ ചിത്രങ്ങള്‍ പൊലീസ് കുടുംബാംഗങ്ങള്‍ക്ക് അയച്ചു. ശനിയാഴ്ച സന്തോഷിന്റെ സഹോദരന്മാര് മണ്ഡ്ലയിലെത്തി അദ്ദേഹത്തെ കണ്ടു. സഹോദരന്മാരെ തിരിച്ചറിഞ്ഞെങ്കിലും എങ്ങനെ മണ്ഡ്ലയിലെത്തിയെന്ന് ഓര്‍ത്തെടുക്കാന്‍ സന്തോഷിന് കഴിയുന്നില്ല. അതേദിവസം തന്നെ സന്തോഷ് സഹോദരന്മാര്ക്കൊപ്പം നാട്ടിലേക്ക് മടങ്ങി.
പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷമാണ് നാട്ടില്‍ എത്തുന്നതെങ്കിലും തങ്ങളുടെ കുടുംബവീടും ബന്ധുക്കളെയുമെല്ലാം തിരിച്ചറിയാന്‍ സന്തോഷ് കുമാറിന് കഴിഞ്ഞതായി സഹോദരന് സതീഷ് കുമാര്‍ പറഞ്ഞു.
