KOYILANDY DIARY

The Perfect News Portal

മരണത്തെ മുഖാമുഖം കണ്ട വീട്ടമ്മയ‌്ക്ക‌് പുതുജീവനേകി അച്ഛനും മകനും

അങ്കമാലി: 100 അടിയോളം താഴ്‌ചയുള്ള പാറമടയില്‍ മുങ്ങിത്താണ് മരണത്തെ മുഖാമുഖം കണ്ട വീട്ടമ്മയ‌്ക്ക‌് പുതുജീവനേകിയത‌് അയല്‍വാസികളായ അച്ഛനും മകനും. ഞായറാഴ്ച ഉച്ചയോടെ കറുകുറ്റി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പാവട്ടാട്ടുകുന്ന് പള്ളിപ്പാടന്‍ വീട്ടില്‍ അല്‍ഫോന്‍സയാണ് (40) വീടിന്റെ പിറകുവശത്തുള്ള മതിലിടിഞ്ഞ് തൊട്ടടുത്തുള്ള പാറമടയിലേക്ക‌് വീണത്. മൈലാടത്ത് വീട്ടില്‍ എം പി ശശിയും (54) മകന്‍ അമല്‍ജിത്തുമാണ‌് (23) ഇവര്‍ക്ക‌് രക്ഷകരായത‌്.

കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി പ്രവര്‍ത്തനരഹിതമായ 25 അടിയോളം വെള്ളമുള്ള പാറമടയാണിത്. സമീപവാസികള്‍ അലക്കാനും കുളിക്കാനും ഉപയോഗിക്കുന്ന മടയ‌്ക്കു സമീപമുള്ള മതില്‍ മഴ ശക്തിപ്രാപിച്ചതോടെ കുതിര്‍ന്നിരിക്കുകയായിരുന്നു.സമീപത്തുണ്ടായിരുന്ന അല്‍ഫോന്‍സ മതിലിനൊപ്പം മടയില്‍ വീഴുകയായിരുന്നു. നീന്തലറിയാതെ അല്‍ഫോന്‍സ വെള്ളത്തില്‍ മുങ്ങിത്താണ്. ശബ്ദം കേട്ട് സമീപവാസികള്‍ പാറമടയ‌്ക്ക് ചുറ്റും പകച്ചുനില്‍ക്കുമ്ബോഴാണ് ശശിയും അമല്‍ജിത്തും മടയില്‍ ചാടിയത്. അരമണിക്കൂറോളം സാഹസികശ്രമം നടത്തിയാണ് ഇവര്‍ അല്‍ഫോന്‍സയെ ഉയര്‍ത്തിയെടുത്തത‌്. തുടര്‍ന്ന‌് നാട്ടുകാര്‍ എറിഞ്ഞുകൊടുത്ത ടയര്‍ ട്യൂബില്‍ കിടത്തി ഇവരെ കരയ‌്ക്കടുപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അങ്കമാലി അഗ്നിരക്ഷാസേന അല്‍ഫോന്‍സയെ ആശുപത്രിയിലെത്തിച്ചു.

ഒന്നരപ്പതിറ്റാണ്ടായി പ്രവര്‍ത്തനം നിര്‍ത്തിവച്ച പാറമടകളിലൊന്നിലാണ് അപകടം സംഭവിച്ചത്. ഇവിടെ ഏതാനും വര്‍ഷംമുമ്ബ് വയോധിക കാല്‍ വഴുതിവീണ് മരണപ്പെട്ടിട്ടുണ്ട്. 100 മീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന മറ്റൊരു പാറമടയില്‍ മൂന്നുവര്‍ഷം മുമ്ബ് യുവതിയും വീണ് മരിച്ചിട്ടുണ്ട്. സൗദിയില്‍ നേഴ്സായ അല്‍ഫോന്‍സ ഒരുമാസം മുമ്പാണ് ലീവിന് നാട്ടിലെത്തിയത്. അടുത്ത ദിവസം ഗള്‍ഫിലേക്ക് മടങ്ങാനിരിക്കെയാണ് അപകടമുണ്ടായത്. ജീവന്‍ പണയംവച്ച്‌ അല്‍ഫോന്‍സയെ രക്ഷപ്പെടുത്തിയ ശശിക്കും മകനും സമൂഹമാധ്യമങ്ങളിലടക്കം അനുമോദനപ്രവാഹം തുടരുകയാണ്. ശശി പാറമടത്തൊഴിലാളിയും അമല്‍ജിത്ത് മൂക്കന്നൂര്‍ സ്മാര്‍ട്ട‌് ഡ്രൈവിങ് സ്കൂളിലെ ഡ്രൈവിങ് പരിശീലകനും ഡിവൈഎഫ്‌ഐ കറുകുറ്റി മേഖലാ സെക്രട്ടറിയുമാണ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *