മദ്യശാലക്കെതിരെ രാപ്പകൽ സമരം

കൊയിലാണ്ടി: ദേശീയ പാതയോരത്ത് മദ്യ വിൽപ്പനശാലകൾ വിലക്കിയതിനെ തുടർന്ന് പയ്യോളിയിൽ പ്രവർത്തിച്ചിരുന്ന ബീവറേജ് കോർപ്പറേഷന്റെ ഔട്ട്ലറ്റ് മുത്താമ്പി വൈദ്യരങ്ങാടി തടോളിതാഴ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ഔട്ട്ലറ്റ് വിരുദ്ധ സമിതി നടത്തുന്ന രാപ്പകൽ സമരം തുടരുന്നു. എന്ത് വില കൊടുത്തും മദ്യ ഔട്ട്ലറ്റ് വരുന്നത് തടയുമെന്ന് സ്ത്രീകളടക്കമുള്ള സമരസമിതി പ്രവർത്തകർ പറയുന്നത്.
പയ്യോളി ടൗണിൽ പ്രവർത്തിച്ചിരുന്ന ബിവറേജ് ഔട്ട്ലറ്റ് ആണ് മുത്താമ്പിയിൽ സ്ഥാപിക്കാൻ പോകുന്നത്. നേരത്തെ ഉണ്ടായിരുന്ന ഒരു ബിസ്കറ്റ് കമ്പനിയുടെ കെട്ടിടത്തിലാണ് സ്ഥാപിക്കാൻ പോകുന്നത്. ഇത് ഇവിടെ സ്ഥാപിച്ചാൽ സമീപവാസികൾക്കും നാട്ടുകാർക്കും ഏറെ പ്രയാസം സൃഷ്ടിക്കും.

സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പോകുന്ന വഴിയിലാണ് കെട്ടിടമുള്ളത്. ദേശീയ പാതയിൽ നിന്നും 500 മീറ്ററിൽ താലൂക്കിന്റെ ഏത് ഭാഗത്തും ഔട്ട്ലറ്റ് തുടങ്ങാമെന്നാണ് കോടതി വിധി. ഇത് കാരണമാണ് ഈ സ്ഥലം തെരഞ്ഞെടുത്തത്. ഔട്ട് ലറ്റ് സ്ഥാപിക്കാൻ പോകുന്നു എന്ന് വിവരമറിഞ്ഞ ഉടനെ തന്നെ നാട്ടുകാർ ഇതിനെതിരെ കമ്മിറ്റി രൂപീകരിക്കുകയായിരുന്നു.

മദ്യ വിരുദ്ധ പ്രവർത്തകനായ എടത്തിൽ രവിയാണ് രാപ്പകൽ സമരം ഉൽഘാടനം ചെയ്തത്. സ്ത്രീകളും പുരുഷൻമാരും പ്രത്യേകം കെട്ടിയ പന്തലിൽ ആണ് സമരമിരിക്കുന്നത്. രാത്രികാലങ്ങളിൽ പുരുഷൻമാരാണ് സമരപന്തലിൽ സമരമിരിക്കുക. ഇതിനോടകം മുഖ്യധാരാ രാഷട്രീയ പാർട്ടികളും മറ്റ് സംഘടനകളും സമരത്തിന് ഐക്യധാർഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. സമരം ഒന്നുകൂടി ശക്തമാക്കാനുള്ള നീക്കത്തിലാണ് ഔട്ട്ലറ്റ് വിരുദ്ധ സമിതി പ്രവർത്തകർ.

എന്നാ ൽ ഔട്ട്ലറ്റ് സ്ഥാപിക്കാനുള്ള നടപടികൾ ഏകദേശം പൂർത്തിയായതായാണ് വിവരം. ബുധനാഴ്ച രാത്രി ചേർന്ന സമരസമിതി യോഗം സമരം ശക്തിപ്പെടുത്തുവാൻ തീരുമാനിച്ചു. രാത്രികാലത്ത് സമര പന്തലിൽ സ്ക്വാഡുകളാക്കി തിരിച്ചായിരിക്കും സമരമിരിക്കുക. മദ്യ നിരോധന സമിതിയുടെ സംസ്ഥാന നേതാക്കൾ ഞായറാഴ്ച സമര പന്തലിലെത്തുമെന്ന് അറിയിച്ചതായി സമരസമിതി നേതാക്കൾ പറഞ്ഞു. ഇന്നലെ രാത്രി ചേർന്ന യോഗത്തിൽ പുതുക്കുടി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.വിഷ്ണു നമ്പൂതിരി, കൗൺസിലർ ജയ, അച്ചുതൻ ഒറ്റക്കണ്ടം, സലാം ഓടക്കൽ എന്നിവർ സംസാരിച്ചു. 200 ഓളം പേരാണ് ഇന്നലെ രാത്രി ചേർന്ന യോഗത്തിൽ പങ്കെടുത്തത്.
