മദ്യലഹരിയില്‍ അപകടകരമായ രീതിയില്‍ കാറോട്ടം നടത്തിയ യുവാവ് അറസ്റ്റില്‍

ചാലക്കുടി: മദ്യലഹരിയില്‍ അപകടകരമായ രീതിയില്‍ കാറോട്ടം നടത്തിയ യുവാവ് അറസ്റ്റില്‍. 20 വാഹനങ്ങളില്‍ ഇടിച്ച കാറിടിച്ച് രണ്ടര വയസുകാരന്‍ അടക്കം ഏഴു പേര്‍ക്കു പരിക്കേറ്റു. ചാലക്കുടി ടൗണില്‍ കഴിഞ്ഞദിവസമാണ് സംഭവം.
പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ബൈക്കില്‍ നിന്നു തെറിച്ചു പോയ കുട്ടി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും കുട്ടിയുടെ അമ്മയ്ക്കു ഗുരുതരമായി പരിക്കേറ്റു. അപകടകരമായി കാറോടിച്ചതിന് ചാലക്കുടി കല്ലേലി ജോസിനെ പോലീസ് പിടികൂടി. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നു പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. ആനമല ജംക്ഷന്‍ മുതല്‍ നോര്‍ത്ത് ജംക്ഷന്‍ വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലായിരുന്നു അപകടകരമായ ഓട്ടം. കാര്‍, ഓട്ടോറിക്ഷ, ബൈക്ക് എന്നിവ ഉള്‍പ്പെടെ 20 വാഹനങ്ങളിലാണ് ഇയാള്‍ കാര്‍ ഇടിച്ചു കയറ്റിയത്.

പല്ലിശേരി ലിജോ (39), ഭാര്യ അനു (31), മകന്‍ അലന്‍ എന്നിവര്‍ യാത്രചെയ്തിരുന്ന ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. അനുവിന്റെ നില ഗുരുതരമാണ്. ഓട്ടോറിക്ഷ ഡ്രൈവര്‍ കലിക്കല്‍ ചുണ്ടങ്ങപ്പറമ്ബില്‍ സതീശനാണു (45) ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍.

പരിക്കേറ്റ അപ്പോളോ ടയേഴ്‌സ് ജീവനക്കാരന്‍ മുളന്തുരുത്തി സ്വദേശി വാര്യത്തുപറമ്ബില്‍ സേതു, ചാലക്കുടി സ്വദേശി പരുത്തിപ്പറമ്ബില്‍ മുരുകേശന്‍ എന്നിവരെ സെന്റ് ജയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടപ്പുഴ പൂങ്കൊടിപ്പാടം കോരങ്ങത്ത് വിശ്വംഭരനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
നിയന്ത്രണമില്ലാതെ അതിവേഗത്തില്‍ കാര്‍ വരുന്നതു കണ്ട് ഒഴിഞ്ഞുമാറിയതു മൂലമാണ് പലരും രക്ഷപ്പെട്ടത്. നടപ്പാതയില്‍ കാര്‍ ഇടിച്ചു നിന്നതോടെ നാട്ടുകാര്‍ ജോസിനെ തടഞ്ഞുവച്ചു പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സിഐ ജെ.മാത്യു, എസ്‌ഐ ജയേഷ് ബാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് എത്തി ജോസിനെ കസ്റ്റഡിയിലെടുത്തു. മെയിന്‍ റോഡില്‍ ഒരു മണിക്കൂറോളം വാഹന ഗതാഗതം തടസപ്പെട്ടു.
