മണിക്കൂറില്‍ ഇരുന്നൂറോളം ഉല്‍ക്കകള്‍ മാനത്തു പായുന്ന ല്‍ക്കമഴ കാണാന്‍ തയാറെടുക്കാം

വാഷിങ്ടണ്‍ : മണിക്കൂറില്‍ ഇരുന്നൂറോളം ഉല്‍ക്കകള്‍ മാനത്തു പായുന്ന അപൂര്‍വ കാഴ്ചയായ പഴ്സീഡ് ഉല്‍ക്കമഴ കാണാന്‍ തയാറെടുക്കാം. ഈ വ്യാഴാഴ്ച രാത്രി ആകാശപ്പൂരം കാണാമെന്നാണു നാസ പറയുന്നത്.
ഉല്‍ക്കമഴ

ഓരോ 133 വര്‍ഷം കൂടുമ്ബോഴും സൗരയൂഥത്തിലൂടെ സൂര്യനെ ചുറ്റി സ്വിഫ്റ്റ്-ടട്ട്ല്‍ എന്ന ഭീമന്‍ വാല്‍നക്ഷത്രം കടന്നുപോകാറുണ്ട്. അപ്പോള്‍ അതില്‍ നിന്നു തെറിച്ചുപോകുന്ന മഞ്ഞും പൊടിപടലങ്ങളുമെല്ലാം സൗരയൂഥത്തില്‍ത്തന്നെ തങ്ങിനില്‍ക്കും. വര്‍ഷത്തിലൊരിക്കല്‍ ഭൂമിയുടെ അന്തരീക്ഷം ഈ അവശിഷ്ടങ്ങളുമായി സമ്ബര്‍ക്കത്തില്‍ വരുമ്ബോള്‍ അവ ഘര്‍ഷണം മൂലം കത്തിയെരിയും. ഇതാണു മാനത്തു നമ്മള്‍ കാണുന്ന ‘കരിമരുന്നു’ കലാപ്രകടനം.

ആകാശത്തു പഴ്സീഡ് എന്ന നക്ഷത്രസമൂഹത്തിന്റെ സ്ഥാനത്തുനിന്നു വരുന്നതിനാലാണ് അതിന്റെ പേരില്‍ത്തന്നെ ഉല്‍ക്കമഴ അറിയപ്പെടുന്നത്. ഇത്തവണ ഭൗമാന്തരീക്ഷത്തിലേക്കു കൂടുതല്‍ ഉല്‍ക്കകള്‍ ഓടിക്കയറി കത്തിത്തീരുമെന്നാണു കണക്കുകൂട്ടല്‍.

കാരണം ബുധഗ്രഹത്തിന്റെ ഗുരുത്വാകര്‍ഷണ ‘വലിവില്‍’പ്പെട്ട് ഒട്ടേറെ ദ്രവ്യശകലങ്ങള്‍ സൗരയൂഥത്തില്‍ പ്രത്യേക ഒരിടത്തു കൂടിനില്‍പ്പുണ്ട്. അതിന്റെ മധ്യഭാഗത്തു കൂടിയാണു ഭൂമിയുടെ പോക്കും. സാധാരണ അരികിലൂടെയാണു ഭൂമി പോകുക. എല്ലാവര്‍ഷവും ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 24 വരെ പഴ്സീഡ് ഉല്‍ക്കമഴ ഉണ്ടാകാറുണ്ട്. പക്ഷേ, ഇത് അതിന്റെ പാരമ്യത്തിലെത്തുന്നത് ഓഗസ്റ്റ് 12,13,14 തീയതികളിലാണ്.
കാണാന്‍ ഇന്ത്യ ‘ബെസ്റ്റ്’
• നഗ്നനേത്രങ്ങള്‍ കൊണ്ടു നന്നായി കാണാമെന്നതാണ് ഇത്തവണത്തെ പ്രത്യേകത
• നാസയുടെ കണക്കുകൂട്ടലനുസരിച്ച് ഏറ്റവും നന്നായി ഉല്‍ക്കാവര്‍ഷം കാണാവുന്ന സ്ഥലങ്ങളിലൊന്നാണ് ഇന്ത്യ
• ഇന്ത്യയിലാണെങ്കില്‍ ആകാശത്തെ വടക്കുകിഴക്കന്‍ ദിശയിലേക്കായിരിക്കണം നമ്മുടെ നോട്ടം
• ഉല്‍ക്കാ പതനം പാരമ്യത്തിലെത്തുന്ന 12ന് അര്‍ധരാത്രി മുതല്‍ 13 പുലര്‍ച്ചെ വരെ ചറപറ ഉല്‍ക്കമഴ
• പ്രതീക്ഷിക്കാവുന്നത് മണിക്കൂറില്‍ 80 മുതല്‍ 200 വരെ ഉല്‍ക്കകള്‍
• കൃത്രിമവെളിച്ചങ്ങള്‍ കാഴ്ചയെ തടസ്സപ്പെടുത്താത്ത, കനത്ത ഇരുട്ടുള്ളയിടങ്ങളില്‍ വാനനിരീക്ഷകര്‍ സ്ഥലം ബുക്ക് ചെയ്തുകഴിഞ്ഞു.
•നാസയുടെ www.ustream.tv/channel/nasa-msfc എന്ന വെബ്സൈറ്റില്‍ 12 രാത്രി മുതല്‍ ഉല്‍ക്കമഴയുടെ ലൈവ് സ്ട്രീമിങ് കാണാം.
എന്താണ് ഉല്‍ക്ക ?
ചില ലഘുഗ്രഹ ശകലങ്ങള്‍, പൊട്ടിച്ചിതറിയ ധൂമകേതുക്കളുടെ അവശിഷ്ടങ്ങള്‍, മറ്റു ഗാലക്സികളില്‍നിന്നോ നക്ഷത്രങ്ങളില്‍നിന്നോ ഉള്ള ദ്രവ്യശകലങ്ങള്‍ തുടങ്ങിയവ ചില അവസരങ്ങളില്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്നു. പാറയും ലോഹങ്ങളുമടങ്ങിയ ഈ ദ്രവ്യശകലങ്ങളാണ് ഉല്‍ക്കകള്‍.
ശബ്ദത്തെക്കാള്‍ അഞ്ചോ അതിലേറെയോ ഇരട്ടി വേഗത്തില്‍ പറപറക്കുന്ന ഇവ ഭൗമാന്തരീക്ഷത്തിലൂടെ കുതിക്കുമ്ബോള്‍ അന്തരീക്ഷ വായുവുമായി ഉരസി ചൂടുപിടിക്കുന്നു. അന്തരീക്ഷത്തിന്റെ കഠിനമായ ഘര്‍ഷണം നിമിത്തം ചുട്ടുപഴുത്ത് ആവിയായിത്തീരുന്നു. അതു നിമിഷനേരംകൊണ്ടു മാഞ്ഞുപോകുകയും ചെയ്യുന്നു. പെട്ടെന്നു മിന്നിമറയുന്നതുകൊണ്ട് ഇവ ‘കൊള്ളിമീന്‍’ എന്നും അറിയപ്പെടുന്നു.
