KOYILANDY DIARY

The Perfect News Portal

മങ്കിപോക്‌സ്: യുവാവ് മരണമടഞ്ഞ സംഭവം ഗൗരവമായി പരിശോധിക്കും- മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: തൃശൂരില്‍ യുവാവ് മങ്കിപോക്‌സ് സ്ഥിരീകരിച്ച് മരണമടഞ്ഞ സംഭവം ആരോഗ്യ വകുപ്പ് വിശദമായി പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇത് പരിശോധിക്കും. എന്‍ഐവി പൂനയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ വെസ്റ്റ് ആഫ്രിക്കന്‍ വകഭേദമാമാണെന്നാണ് കണ്ടെത്തിയത്. കൂടുതല്‍ ജനിതക പരിശോധന നടത്തുന്നതാണ്. മങ്കിപോക്‌സ് രോഗലക്ഷണങ്ങളുള്ളവര്‍ എല്ലാവരും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം. രോഗം ആരുടേയും കുറ്റമല്ല. അത് നേരത്തെ അറിയിച്ചാല്‍ അതനുസരിച്ച് ചികിത്സിയ്ക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും മറ്റുള്ളവര്‍ക്ക് രോഗം വരാതെ തടയാനും സാധിക്കും. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും മന്ത്രി പറഞ്ഞു.

പൂനൈ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധനയിലാണ് യുവാവിന് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. ഇദ്ദേഹം യുഎഇയില്‍ നിന്നും 21നാണ് യാത്ര തിരിച്ചത്. 22ന് പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. അതിന് ശേഷം അദ്ദേഹം വീട്ടിലായിരുന്നു. ഇടയ്‌ക്കൊരു ആശുപത്രിയില്‍ പോയിരുന്നു. 27ന് പുലര്‍ച്ചെയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായത്. വളരെ പെട്ടെന്ന് ഇദ്ദേഹത്തിന്റെ നില ഗുരുതരമാകുകയായിരുന്നു. എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. 19ന് ദുബായില്‍ നടത്തിയ പരിശോധനയുടെ ഫലം 30നാണ് ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആശുപത്രിയെ അറിയിച്ചത്. ആശുപത്രി അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യ സംഘം ആശുപത്രിയിലെത്തിയിരുന്നു. ആ സമയം അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു.

20 പേരാണ് ഹൈറിസ്‌ക് പ്രൈമറി സമ്പര്‍ക്കപട്ടികയിലുള്ളത്. വീട്ടുകാര്‍, സഹായി, നാല് സുഹൃത്തുക്കള്‍, ഫുട്‌ബോള്‍ കളിച്ച 9 പേര്‍ എന്നിവരാണ് ഈ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. വിമാനത്തില്‍ 165 പേരാണുണ്ടായിരുന്നത്. അതിലുള്ളവരാരും അടുത്ത സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുന്നില്ല. ലോകാരോഗ്യ സംഘടനയുടേയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും സംസ്ഥാന ആരോഗ്യ വകുപ്പിന്റെ എസ്.ഒ.പി.യുടേയുടേയും അടിസ്ഥാനത്തില്‍ രോഗ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കുകയാണ് പ്രധാനം.

Advertisements

21 ദിവസമാണ് ഇന്‍ക്യുബേഷന്‍ പീരീഡ്. ഇതനുസരിച്ച് വിമാനത്തിലെ ഈ 165 പേരും സ്വയം നിരീക്ഷിക്കണം. എല്ലാ എയര്‍പോര്‍ട്ടുകളിലും ആരോഗ്യ വകുപ്പിന്റെ ഹെല്‍പ് ഡെസ്‌ക് സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് എസ്.ഒ.പി. രൂപീകരിച്ച് നേരത്തെ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് തന്നെ സാംപിള്‍ പരിശോധനാ സംവിധാനവും ലഭ്യമാക്കിയതായും മന്ത്രി പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *