മകൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നീതി തേടി കണ്ണൂരില്‍ ഒരച്ഛനും അമ്മയും

കണ്ണൂര്‍: അധ്യാപിക അപമാനിച്ചതില്‍ മനംനൊന്ത് കണ്ണൂര്‍ മമ്പറത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നീതി തേടി കണ്ണൂരില്‍ ഒരച്ഛനും അമ്മയും. സഹപാഠികള്‍ക്കൊപ്പം സെല്‍ഫിയെടുത്തതിന് അധ്യാപിക അപമാനിച്ചതാണ് മകന്‍ സനാഥിന്‍റെ മരണത്തിന് കാരണമായതെന്ന് ഇവര്‍ ആരോപിക്കുന്നു. സെല്‍ഫിയില്‍ ഉള്‍പ്പെട്ടതിന്‍റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കള്‍ അധ്യാപകര്‍ നോക്കിനില്‍ക്കെ സനാഥിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ബാലാവകാശ കമ്മിഷനും ഡിജിപിക്കും മാതാപിതാക്കള്‍ പരാതി നല്‍കി.
ധൈര്യശാലിയായ മകന്‍ ജീവിതമവസാനിപ്പിച്ചത് എന്തിനെന്ന് ഈ അമ്മയ്ക്കറിയില്ല. പക്ഷേ ഒന്നുറപ്പുണ്ട്. ഏറെ സ്നേഹിച്ച വിദ്യാലയത്തില്‍ നിന്ന് അവന് കടുത്ത അപമാനം നേരിട്ടിരുന്നുവെന്ന്. അച്ചടക്ക നടപടിയെടുത്ത് പുറത്താക്കിയതിനാല്‍ ദിവസങ്ങളോളം സനാഥിന് ക്ലാസില്‍ കയറാനായിരുന്നില്ല. ഇക്കാര്യങ്ങളൊന്നും സ്കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചിരുന്നതുമില്ല.

മാത്രവുമല്ല, സെല്‍ഫിയില്‍ ഉള്‍പ്പെട്ടതിന് അധ്യാപിക വിളിച്ചുവരുത്തിയതനുസരിച്ച് സ്കൂളിലെത്തിയ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ തങ്ങള്‍ക്ക് മുന്നില്‍വെച്ച് സനാഥിനെ പിടിച്ചുതള്ളിയതായി പ്രിന്‍സിപ്പാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുമുണ്ട്. സെല്‍ഫി ഉള്‍പ്പെടുന്ന ഫോണ്‍ പൊലീസ് സൈബര്‍ സെല്ലിന് കൈമാറിയിരിക്കുകയാണ് ഇപ്പോള്‍.

സംഭവത്തില്‍ വിശദീകരണം ആരാഞ്ഞുള്ള ഞങ്ങളുടെ വിളികള്‍ക്കും കൃത്യമായ മറുപടി ലഭിച്ചില്ല. കുട്ടികളുടെ മനോനില തകര്‍ത്ത് അച്ചടക്കം പഠിപ്പിക്കുന്ന ക്രൂരമായ അധ്യാപനത്തിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തങ്ങളുടെ മകനെന്ന് ഇവര്‍ പറയുന്നു. മകന്‍റെ മരണത്തിലെ ദുരൂഹത നീങ്ങാന്‍ ഇനി നീതീപീഠമെങ്കിലും തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഈ മാതാപിതാക്കള്‍.

