KOYILANDY DIARY

The Perfect News Portal

ഭിന്നശേഷിക്കുട്ടികള്‍ക്ക് ഉപജീവനമാര്‍ഗത്തിനായി തൊഴില്‍ സംവിധാനം

തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികള്‍ക്ക് ഉപജീവനമാര്‍ഗത്തിനായി തൊഴില്‍ സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ട് മാജിക് പ്ലാനറ്റില്‍ തുടക്കം കുറിക്കുന്ന എംപവര്‍ സെന്റര്‍ ഇന്ന് (01.11.2017) വൈകുന്നേരം 5ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും.

മാജിക് അക്കാദമിയും സാമൂഹ്യനീതി വകുപ്പും യുനിസെഫും സംയുക്തമായാണ് എംപവര്‍ എന്ന പേരില്‍ ലോകത്തിലാദ്യമായി ഭിന്നശേഷിക്കുട്ടികളുടെ വിസ്മയപ്രകടത്തിനുള്ള സ്ഥിരം വേദി ഒരുക്കുന്നത്. ഭിന്നശേഷിക്കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കുയര്‍ത്തുന്നതിന്റെ ഭാഗമായി അവരുടെ കഴിവുകള്‍ കണ്ടെത്തി ഇന്ദ്രജാലം അഭ്യസിപ്പിച്ച്‌ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്ന തരത്തില്‍ അവതരിപ്പിക്കുന്ന ഒരു നൂതന പദ്ധതിയാണിത്.

ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നും തിരഞ്ഞെടുത്ത ഭിന്നശേഷിക്കുട്ടികളാണ് എം പവറിന്റെ അഭിമാന താരങ്ങളാകുന്നത്. മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍കാരനായ സി.പി ഷിഹാബുദീനാണ് എം പവര്‍ സെന്ററിന്റെ സൂത്രധാരനായി രംഗപ്രവേശം ചെയ്യുന്നത്.

Advertisements

ജനാതന്നെ കൈകാലുകളില്ലാതെ 75 ശതമാനം ശാരീരിക വൈകല്യവുമായി ജീവിതത്തോട് പൊരുതി വിജയിച്ച ഷിഹാബുദീന്റെ സാന്നിദ്ധ്യവും എം പവര്‍ സെന്ററിന്റെ മുഖ്യ ആകര്‍ഷണമാണ്. സ്വന്തം കുടുംബത്തിന് താങ്ങാകുവാനും ജീവിതകാലത്തോളം പരാശ്രയത്തിന്റെ തണലില്‍ നിന്നും മോചിതനാകുവാനും സ്വന്തമായി വരുമാനം ഉണ്ടാക്കി ജീവിതത്തെ സധൈര്യം നേരിടുവാനും ഭിന്നശേഷികുട്ടികളെ പ്രാപ്തമാക്കുന്നതിനാണ് ഇൗ സ്ഥിരം വേദി സജ്ജീകരിക്കുന്നത്.

ലോകത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമാകുന്നത്. സാംസ്കാരിക കേരളത്തിന് അഭിമാനിക്കാവുന്ന ഒരു പദ്ധതികൂടിയാണിത്.

പ്ലാനറ്റ് സന്ദര്‍ശിക്കുവാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഇവരുടെ അവിസ്മരണീയ പ്രകടനം ഏറ്റവും ഉചിതമായ പ്രചോദന പരിപാടിയായിട്ടായിരിക്കും അനുഭവപ്പെടുക.

ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സാമൂഹ്യനീതിവകുപ്പ് മന്ത്രി കെ.കെ ശൈലജടീച്ചര്‍ എം പവര്‍ സെന്റര്‍ ഫ്ളാഗ് ഷിഹാബുദീന് കൈമാറും. ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ശോഭാകോശി, ജില്ലാ കളക്ടര്‍ കെ.വാസുകി എെ.എ.എസ്, സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് മെമ്ബര്‍ ഡോ.മൃദുല്‍ ഇൗപ്പന്‍, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ഡോ.ബിജുപ്രഭാകര്‍ എെ.എ.എസ്, കേരള സാമൂഹ്യസുരക്ഷാ മിഷന്‍ എക്സക്യുട്ടീവ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍, മാജിക് അക്കാദമി ഡയറക്ടര്‍ ചന്ദ്രസേനന്‍ മിതൃമ്മല എന്നിവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *