KOYILANDY DIARY.COM

The Perfect News Portal

ബൈപ്പാസ് റോഡില്‍ മാലിന്യം: നാട്ടുകാര്‍ സ്ഥലം ഉപരോധിച്ചു

രാമനാട്ടുകര: രാമനാട്ടുകര ബൈപ്പാസ് റോഡില്‍ സേവാമന്ദിരം ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം സ്വകാര്യ സ്ഥലത്ത് കക്കൂസ് മാലിന്യം ഉള്‍പ്പടെയുള്ള ദ്രാവകരുപത്തിലുള്ള മാലിന്യം നിക്ഷേപിച്ചത് നാട്ടുകാര്‍ കണ്ടെത്തി സ്ഥലം ഉപരോധിച്ചു. കഴിഞ്ഞ കുറെ ദിവങ്ങളായി ഈ പ്രദേശത്ത് വല്ലാത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു . എവിടെയാണ് ദുര്‍ഗന്ധത്തിന്റെ ഉത്ഭവസ്ഥാനം എന്നറിയാതെ നാട്ടുകാര്‍ തിരയുകയായിരുന്നു.

ഇന്നലെ നാട്ടുകാര്‍ കൂട്ടമായിഎത്തി ബൈപ്പാസ് റോഡരികും സമീപസ്ഥലങ്ങളും പരിശോധിക്കുകയായിരുന്നു. ഇതിനിടെയാണ് ഒന്നാം ഘട്ട രാമനാട്ടുകര ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിനായി തിരുവനന്തപുരത്ത് നിന്ന് വന്ന കരാറുകാരുടെ ഓഫീസിനായി എടുത്ത എട്ട് ഏക്കറയോളം വരുന്ന വിജനമായ സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. ഈ സ്ഥലം ഇപ്പോള്‍ അന്യ സംസ്ഥാനത്ത് നിന്ന് വരുന്ന വലിയ കണ്ടയിനര്‍ ലോറികളുടെ പാര്‍ക്കിങ്ങ് സ്ഥലമാണ് .

കോഴിക്കോട് നഗരത്തിലെ കാറുകളുടെ ഡീലേഴ്സിന് എത്തുന്ന കാറുകള്‍ ഈ കണ്ടയിനര്‍ ലോറികളില്‍ നിന്നും ഇവിടെ ഇറക്കിയാണ് നഗരത്തില്‍ എത്തിക്കുന്നത്. മിക്ക സമയത്തും ലോറികളുടെ നീണ്ട നിര ഇവിടെ കാണാം അതിനാല്‍ ഈ സ്ഥലത്ത് എന്ത് നടക്കുന്നു എന്ന് പുറം ലോകം അറിയില്ല. അതിന്റെ മറവിലാണ് മാലിന്യം ഇവിടെ തള്ളിയിരിക്കുന്നതെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

Advertisements

മാലിന്യത്തിനു മുകളില്‍ മണ്ണിട്ടുണ്ടെങ്കിലും മണ്ണിനു മുകളില്‍ നുരയും പതയും അടക്കം പുഴുക്കളും പരന്നു കിടക്കുന്നുണ്ട്. ദുര്‍ഗന്ധം കാരണം സ്ഥലത്ത് നില്ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് റവന്യു അധികാരികളും നഗരസഭാ അധികൃതരും സ്ഥലത്തെത്തി.

ആരോഗ്യ വിഭാഗം ഡി.എം.ഒയുടെ നിര്‍ദ്ദേശപ്രകാരം ബ്ലീച്ചിങ് പൗഡര്‍ വിതറി. രാമനാട്ടുകര നഗരസഭാ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍ ഫറോക്ക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഈ വളപ്പിലേക്കു ലോറികള്‍ കയറാതിരിക്കാന്‍ വഴിയില്‍ മണ്ണ് നീക്കി തടസ്സം ഉണ്ടാക്കുകയും രാഷ്ട്രീയ പാര്‍ട്ടികള്‍ കൊടികള്‍ സ്ഥാപിക്കുകയും ചെയ്‍തിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *