ബൈക്ക് ടാങ്കർ ലോറിയ്ക്കടിയിൽപ്പെട്ട് മദ്ധ്യവയസ്‌കൻ മരിച്ചു

ചെറുതോണി: നിയന്ത്രണം വിട്ട ബൈക്ക് ടാങ്കർ ലോറിയ്ക്കടിയിൽപ്പെട്ട് പിൻചക്രം തലയിലൂടെ കയറിയിറങ്ങി മദ്ധ്യവയസ്‌കൻ ദാരുണമായി മരിച്ചു. ചുരുളി ആൽപ്പാറ കായാപ്ലാക്കൽ ബേബിയാണ് (55) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് കരിമ്പൻ ടൗണിന് സമീപമാണ് അപകടം.
ചുരുളിയിൽ നിന്ന് ചെറുതോണിയിലേക്ക് ബൈക്കിൽ വരികയായിരുന്നു ബേബി. ടാങ്കർ ലോറിയെ മറികടക്കുന്നതിനിടെ എതിരെ വന്ന ജീപ്പ് കണ്ട് വെട്ടിച്ചപ്പോൾ ടാങ്കർ ലോറിയുടെ പിൻചക്രങ്ങൾക്കിടയിലേക്ക് വീഴുകയായിരുന്നു. ലോറിയുടെ ടയർ തലയിലൂടെ കയറിയിറങ്ങി തൽക്ഷണം മരിച്ചു.

ഭാര്യ: മേരി. തടിയംപാട് വാട്ടപ്പള്ളിൽ കുടുംബാംഗം. മക്കൾ: ജിന്റോ (ലണ്ടൻ), ജിതിൻ (മുംബെയ്). മരുമക്കൾ: ഷെമി (അങ്കമാലി), ജിസ്മി (കട്ടപ്പന). മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

