ബൈക്കപകടത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു

തിരുവല്ല: മൂന്ന് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെട്ട് പ്ലസ്ടു വിദ്യാര്‍ത്ഥി തല്‍ക്ഷണം മരിച്ചു. രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സാരമായി പരിക്കേറ്റു. തിരുമൂലപുരം സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥിയും സംഗീത സംവിധായകനായ തിരുവല്ല തെങ്ങേലി ഇടയിലേ വീട്ടില്‍ രവീന്ദ്രന് പിള്ളയുടെ മകന് വിഷ്ണു ആര് നാഥ് (17) ആണ് മരിച്ചത്. എം സി റോഡില്‍ തിരുവല്ലയ്ക്കും ചെങ്ങന്നൂരിനും ഇടയില്‍ ആഞ്ഞിലിമൂട് ജംഗ്ഷനിലാണ് അപകടം.
അപകടത്തില്‍ പരിക്കേറ്റ കുന്നന്താനം മുണ്ടിയപള്ളി പനയ്ക്കാമുറിയില് വീട്ടില്‍ സിനോ മോന് (17), കുറ്റൂര്‍ ആലു നില്ക്കുന്നതില് എ എസ് അഖില്‍ ( 15 ) എന്നിവരെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന്പേരും ഒരേ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ആണ്. ചൊവ്വാഴ്ച രാവിലെ 7 മണിയോടെയാണ് അപകടം.

ആഞ്ഞിലിമൂട് വളവിന് തിരുവല്ല ഭാഗത്തേക്കു പോയ ബസിനെ മറികടന്നു ചെന്ന ബൈക്ക് എതിരെ വന്ന കാറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് റോഡരികിലെ സൈന്‍ ബോര്‍ഡില്‍ ചെന്ന് ഇടിക്കുകയായിരുന്നു. ആഘാതത്തില്‍ മൂന്നുപേരും തെറിച്ചു പോകുകയായിരുന്നു. സിനോമോനാണ് ബൈക്ക് ഓടിച്ചിരുന്നത്. കഴിഞ്ഞ ദിവസം വാങ്ങിയ ബൈക്ക് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. വിഷ്ണുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിക്കും. അമ്മ : ജയാരവി, സഹോദരി: വേദിക വള്ളംകുളം നാഷണല്‍ ഹൈസ്കൂള്‍ വിദ്വാര്ത്ഥിയാണ്.

