ബിജെപി സംസ്ഥാന കൗൺസിൽ അംഗം വട്ടക്കണ്ടിമോഹനൻ നിര്യാതനായി
കൊയിലാണ്ടി. ഉള്ളിയേരി ബിജെപി സംസ്ഥാന കൗൺസിൽ അംഗവും, സാമുഹ്യ പ്രവർത്തകനുമായിരുന്ന ഉള്ളിയേരി 19 ലെ വട്ടക്കണ്ടി മോഹനൻ (50) നിര്യാതനായി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഉള്ളിയേരി ടൗണിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ തന്നെ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെഞ്ച് വേദന അനുഭവപ്പെട്ട മോഹനൻ വീട്ടിൽ നിന്നും മരുന്ന് വാങ്ങാൻ ഉള്ളിയേരി ടൗണിൽ എത്തിയപ്പോഴായിരുന്നു സംഭവം. രാഷ്ട്രീയ സാമൂഹിക രംഗത്തെ നിറസാന്നിധ്യമായിരുന്ന മോഹനന്റെ വിയോഗം നാടിനെ ദു:ഖത്തിലാഴ്ത്തി. പാലോറ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ മോഹനൻ പിന്നീട് രാഷ്ട്രീയ സ്വയം സേവക സംഘ പ്രവർത്തനത്തിലൂടെയാണ് പൊതുപ്രവർത്തനം തുടങ്ങിയത്.
യുവമോർച്ചയിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നു. യുവമോർച്ച ഉള്ളിയേരി പഞ്ചായത്ത് പ്രസിഡന്റ്, ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡൻറ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി , ജില്ലാ വൈസ് പ്രസിഡൻറ്, ബിജെപി ബാലുശ്ശേരി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഉള്ളിയേരി പഞ്ചായത്തിൽ ബിജെപിയുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു. 2015 ൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉള്ളിയേരി പഞ്ചായത്ത് ഏഴാം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് പാർട്ടിയെ വാർഡിൽ രണ്ടാം സ്ഥാനത്ത് എത്തിച്ചു. മാധവൻ നായരുടെയും ലക്ഷ്മി അമ്മയുടേയും മകനാണ് അവിവാഹിതനായ മോഹനൻ. സഹോദരി: ബിന്ദു.

