KOYILANDY DIARY.COM

The Perfect News Portal

ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയശേഷം ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ

ന്യൂഡല്‍ഹി > ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയശേഷം ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ എല്ലാസീമകളും ലംഘിച്ചുകൊണ്ട് വര്‍ദ്ധിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ വ്യക്തമാക്കി. ആക്രമണങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് സാഹചര്യം ഒരുക്കുക മാത്രമല്ല വര്‍ഗീയ ധ്രുവീകരണത്തിനും ദളിതുകള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമത്തിനും തീവ്രതകൂട്ടുകയാണ് ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍. ഗോരക്ഷാ സേനയുടെ പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അതിക്രമങ്ങളെ പിബി അപലപിച്ചു.

ദാദ്രിയില്‍ മുഹമ്മദ് അക്‌ലാഖിനെ ആക്രമിച്ച് കൊലപ്പെടുത്തിയതിനുശേഷം ഗോരക്ഷാ സംഘങ്ങള്‍ ഗുജറാത്തിലും മധ്യപ്രദേശിലും ഉള്‍പ്പെടെ രാജ്യത്തിന്റെ നിരവധി പ്രദേശങ്ങളില്‍ ദളിതുകളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ആക്രമിച്ച അനവധി സംഭവങ്ങളുണ്ടായി. ഇത്തരം സംഭവങ്ങളില്‍ നിശബ്ദ കാഴ്ചക്കാരാകുന്ന പൊലീസും അധികൃതരും അക്രമികള്‍ക്ക് സഹായം നല്‍കുകയും ഇരയായവരെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്നത് ഞെട്ടിക്കുന്നതാണെന്നും പിബി അറിയിച്ചു.

കശ്മീരില്‍ പ്രക്ഷോഭകാരികള്‍ക്കെതിരായി പെല്ലറ്റ് ബുള്ളറ്റുകള്‍ ഉപയോഗിക്കുന്നത് ഉടന്‍ അവസാനിപ്പിണമെന്ന് പിബി ആവശ്യപ്പെട്ടു. പ്രതിഷേധത്തെനേരിടാന്‍ ക്രൂരമായ മാര്‍ഗ്ഗങ്ങളാണ് സുരക്ഷാ സേനകള്‍ നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഉയര്‍ന്ന തോതിലുള്ള മരണസംഖ്യ. പെല്ലറ്റ് ബുള്ളറ്റുകള്‍ ഉപയോഗിച്ചുള്ള ആക്രമണം നിരവധി യുവാക്കളുടെ കണ്ണിന് പരിക്കേല്‍ക്കുന്നതിനും കാഴ്ച നഷ്ടമാകാനും ഇടയാക്കിയിട്ടുണ്ട്. പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നത് അടിയന്തിരമായ നിര്‍ത്തണം. നിരായുധരായ പ്രതിഷേധക്കാരെ കൊന്നൊടുക്കുന്നവര്‍ക്കെതിരെ നടപടി വേണം.

Advertisements

കശ്മീരില്‍ സൈന്യത്തിനുള്ള പ്രത്യേക അധികാര നിയമം(അഫ്സ്പ) അതിര്‍ത്തി പ്രദേശങ്ങളില്‍ മാത്രം ബാധകമാക്കണം. സംസ്ഥാനത്തിന്റെ മറ്റ് പ്രദേശങ്ങള്‍ അഫ്സ്പ വിമുക്തമാക്കണം. കശ്മീരിലെ പ്രശ്നപരിഹാരത്തിന് സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും പിബി ആവശ്യപ്പെട്ടു.

പാര്‍ടിയുടെ ഒറ്റയ്ക്കുള്ള ശക്തിയും രാഷ്ട്രീയ ഇടപെടല്‍ശേഷിയും വര്‍ദ്ധിപ്പിക്കാന്‍ പ്ളീനം കൈക്കൊണ്ട തീരുമാനം സമയബന്ധിതമായി നടപ്പാക്കും. ഇത് വിലയിരുത്തുന്നതിന് സെപ്തംബര്‍ 17 മുതല്‍ 19 വരെ കേന്ദ്ര കമ്മറ്റി യോഗം ചേരാനും പി ബി തീരുമാനിച്ചു.

 

Share news