ബാലഭാസ്കറിന്റെ മരണം: ലക്ഷ്മിയുടെയും ഡ്രൈവറുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവര്‍ അര്‍ജുനന്റെയും മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും. ഇരുവരുടെയും മൊഴികളില്‍ വൈരുധ്യം ഉണ്ടായതോടെയാണ് മൊഴി വീണ്ടും രേഖപ്പെടുത്തുന്നത്.
അപകട സമയത്ത് വാഹനമോടിച്ചിരുന്നത് ബാലഭാസ്കര്‍ തന്നെയാണെന്ന് അഞ്ച് പേര് മൊഴി നല്‍കിയിരുന്നു. എന്നാല്‍ കൊല്ലത്ത് വച്ച് വാഹനത്തിന്റെ പിന്‍സീറ്റില്‍ ബാലഭാസ്കര്‍ ഉറങ്ങുന്നത് കണ്ടുവെന്ന് ചവറ സ്വദേശിയായ ഒരാള്‍ പോലീസിനോട് പറഞ്ഞു. ഇതാണ് പോലീസിനെ കുഴയ്ക്കുന്നത്.

അര്‍ജുന്റെ പശ്ചാത്തലവും അന്വേഷിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബാലഭാസ്കറിന്റെ അച്ഛന് സി.കെ. ഉണ്ണി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സി.കെ. ഉണ്ണിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും.

നേരത്തെ, അപകട സമയത്ത് ബാലഭാസ്കറായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്നായിരുന്നു ഡ്രൈവര്‍ മൊഴി നല്‍കിയത്. എന്നാല്‍, ഡ്രൈവര്‍ തന്നെയാണ് വാഹനം ഓടിച്ചതെന്നായിരുന്നു ലക്ഷ്മിയുടെ മൊഴി. അപകട സമയത്ത് താനും കുഞ്ഞും വാഹനത്തിന്റെ മുന്‍ സീറ്റില്‍ ഇരുന്നാണ് യാത്ര ചെയ്തതെന്നും പിറ്റേദിവസം പരിപാടി ഉള്ളതിനാല്‍ ബാലഭാസ്കര്‍ പിന്‍സീറ്റില്‍ ഉറങ്ങുകയായിരുന്നുവെന്നും ലക്ഷ്മി മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.

സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവേ ബാലഭാസ്കറിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്. രണ്ടു വയസുകാരിയായ മകള്‍ തേജസ്വി ബാല സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്കര്‍ ഒക്ടോബര്‍ രണ്ടിനാണ് മരണത്തിനു കീഴടങ്ങിയത്. ലക്ഷ്മിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ദിവസങ്ങള്‍ നീണ്ട ചികിത്സക്കു ശേഷമാണ് അവര്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്.
