ബസ് യാത്രക്കാരുടെ പോക്കറ്റടിക്കുന്ന മൂവര്‍ സംഘം അറസ്റ്റില്‍

കോഴിക്കോട്: പുതുപുത്തന്‍ ആഡംബര കാറില്‍ കറങ്ങി നടന്ന് വിവിധ സ്ഥലങ്ങളില്‍ നിന്ന് ബസ് യാത്രക്കാരുടെ പോക്കറ്റടിക്കുന്ന മൂവര്‍ സംഘം അറസ്റ്റില്‍. കോഴിക്കോട്ടും സമീപ ജില്ലകളിലുമായി നിരവധി പോക്കറ്റടി കേസുകളില്‍ പ്രതികളായ പേരാമ്പ്ര കായണ്ണ ചക്കട്ടപ്പാറ രയരോത്ത് വീട്ടില്‍ ഷാജി(39), പുളിബസാര്‍ സ്വദേശിയായ, ഇപ്പോള്‍ കോഴിക്കോട് കോയറോഡ് പള്ളിക്കണ്ടി വീട്ടില്‍ താമസിക്കുന്ന റഷീദ്(37) എന്നിവരെ കോഴിക്കോട് കസബ പോലീസും മൂന്നാം പ്രതി പെരുവണ്ണാമൂഴി ചെറുകുന്നുമ്മല്‍ വീട്ടില്‍ മനോജി(37)നെ പേരാമ്പ്ര പോലീസുമാണ് പിടികൂടിയത്.
സ്വന്തം ആഡംബരകാര്‍ സുരക്ഷിതസ്ഥലത്ത് നിര്‍ത്തിയിട്ടശേഷം ബസ് സ്റ്റാന്‍ഡിലോ പ്രധാന സ്റ്റോപ്പിലോ എത്തി കൃത്രിമ തിരക്കുണ്ടാക്കുന്നതാണ് ഇവരുടെ രീതി. ബസ്സില്‍ കയറുന്ന ആളുടെ കഴുത്തിലോ തോളിലോ തട്ടി ആദ്യം ശ്രദ്ധ തിരിക്കുന്നു. ‘കെട്ടുക ‘എന്നാണ് ഇവര്‍ ഇതിനു പറയുന്നത്. സംഘാംഗമായ ഷാജി ഇതില്‍ ‘വിദഗ്ധ’നാണ്. ഇതിനിടെ പണമടങ്ങിയ പേഴ്സ് മറ്റൊരാള്‍ കൈക്കലാക്കും. പണം എടുത്തശേഷം കാറില്‍ അടുത്ത ജില്ലയിലെ ഏതെങ്കിലും സ്ഥലത്തേക്ക് പോകും. സ്റ്റാന്‍ഡില്‍ വച്ച് പോക്കറ്റടി നടത്താനാവുന്നില്ലെങ്കില്‍ ബസ്സില്‍ കയറിയശേഷം ഒന്നു രണ്ട് സ്റ്റോപ്പിനു ശേഷം പഴ്സോ ബാഗോ കവര്‍ന്ന് കടന്നുകളയുന്ന രീതിയും ഇവര്‍ക്കുണ്ട്.

കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍വച്ച് ബസ് യാത്രക്കാരന്റെ പഴ്സ് തട്ടിയെടുക്കവേയാണ് വ്യാഴാഴ്ച ഇവരെ പിടികൂടിയത്. പഴ്സും അതിലുണ്ടായിരുന്ന 2100 രൂപയും പോലീസ് കണ്ടെടുത്തു. പ്രതികളില്‍ നിന്ന് കിട്ടിയ വിവരമ നുസരിച്ച് മനോജിനെ വെള്ളിയാഴ്ച ഉച്ചയ്ക്ക്് പേരാമ്ബ്ര പോലീസും പിടികൂടുകയായിരുന്നു. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍, സിവില്‍ സ്റ്റേഷന്‍ ജങ്ഷന്‍ എന്നിവിടങ്ങളിലും കണ്ണൂര്‍ ,വയനാട് ജില്ലകളിലും പണാപഹരണം നടത്തിയിട്ടുണ്ടെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.

ആഭരണങ്ങളും മൊബൈല്‍ ഫോണുകളും കവര്‍ന്നിട്ടുണ്ട്. ബാങ്കില്‍ നിന്ന് പണവുമായി മടങ്ങുന്നവരുടെ ബാഗ് ബസ്സില്‍ കയറവേ ബ്ലേഡ് ഉപയോഗിച്ച് കീറി പണം കവര്‍ന്നെടുക്കുന്ന രീതിയും ഇവര്‍ക്കുണ്ട്. മുമ്ബ് കോഴിക്കോട് സ്വദേശിയുടെ 13,000 രൂപ പ്രതികള്‍ കവര്‍ന്നതായി പോലീസ് പറഞ്ഞു.

കവര്‍ച്ചയിലൂടെ കിട്ടുന്ന പണം ഉപയോഗിച്ച് ചീട്ടുകളിക്കുന്നതും ആഡംബരഹോട്ടലുകളില്‍ താമസിച്ച് മദ്യപിക്കുന്നതുമാണ് ഇവരുടെ രീതി. ആഴ്ചകളായി ഇത്തരം പോക്കറ്റടി വ്യാപകമായതിനെത്തുടര്‍ന്ന് പോലീസ് മഫ്തിയില്‍ പൊതുസ്ഥലങ്ങളില്‍ നിരീക്ഷണം നടത്തിയെങ്കിലും പ്രയോജനമുണ്ടായിരുന്നില്ല.
പ്രതികളുടെ ആഡംബരകാറും പിടിച്ചെടുത്തു. ഈ കാര്‍, പോക്കറ്റടി നടത്തിയ പണംകൊണ്ട് വാങ്ങിയതാണെന്ന് പ്രതികള്‍ പോലീസിനോടു പറഞ്ഞു. ഷാജിയുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവര്‍ മറ്റുകുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. സമീപ ജില്ലകളിലേക്കും വിവരം കൈമാറിയിട്ടുണ്ട്. അറസ്റ്റിലായ ഇവരെ കോടതിയില്‍ ഹാജരാക്കി.
കസബ സ്റ്റേഷനിലെ എസ്.ഐ.മാരായ വി. സിജിത്ത്, എന്‍.കെ. ചന്ദ്രന്‍, സി.പി.ഒ.മാരായ പി.സജേഷ് കുമാര്‍, കെ.എം.ഷെഫീഖ്, ജയേഷ് പി.എസ്. എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
