KOYILANDY DIARY.COM

The Perfect News Portal

ബലാത്സംഗക്കേസില്‍ ആള്‍ദൈവത്തിന് പത്തുവര്‍ഷം കഠിന തടവ്

റോഹ്തക്: രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന വിധി ഒടുവിലെത്തി. ശിഷ്യരായ സ്ത്രീകളെ മാനഭംഗപ്പെടുത്തിയ കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന് പ്രത്യേക സി.ബി.ഐ കോടതി  10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

ഗുര്‍മീതിനെ പാര്‍പ്പിച്ച റോഹ്തക്കിലെ പ്രത്യേക ജയിലിലെത്തിയാണ് സിബിഐ കോടതി ജഡ്ജി ജഗ്ദീപ് സിങ് ശിക്ഷാപ്രഖ്യാപനം നടത്തിയത്.

ജയില്‍ ലൈബ്രറിയില്‍ പ്രത്യേകം തയ്യാറാക്കിയ കോടതി മുറിയിലാണ് സിബിഐ ജഡ്ജി ഗുര്‍മീത് റാമിനുള്ള ശിക്ഷ വിധിച്ചത്. കേസില്‍ ഗുര്‍മീത് റാം കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

Advertisements

അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് മുന്‍പില്‍ ഗുര്‍മീത് പൊട്ടിക്കരഞ്ഞു. തനിക്ക് മാപ്പു തരണമെന്നായിരുന്നു കൂപ്പുകൈകളോടെ ഗുര്‍മീത് കോടതിയോട് അപേക്ഷിച്ചത്.

ഗുര്‍മീതിന്റെ പ്രായം, ആരോഗ്യം, സാമൂഹികപ്രവര്‍ത്തകന്‍ എന്ന നിലയിലെ സംഭാവനകള്‍, ജനങ്ങള്‍ക്കിടയിലെ സ്വാധീനം എന്നിവ കണക്കിലെടുത്ത് പരാമാവധി കുറഞ്ഞ ശിക്ഷയേ നല്‍കാവൂ എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വിധി പ്രസ്താവത്തിന് മുന്‍പ് കോടതിയോട് അഭ്യര്‍ത്ഥിച്ചു.

എന്നാല്‍ ഗുര്‍മീതിന് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ അപേക്ഷ. ഒന്നോ രണ്ടോ തവണയല്ല വര്‍ഷങ്ങളോളം നീണ്ട ലൈംഗീകപീഡനമാണ് ഗുര്‍മീത് നടത്തിയതെന്നും പരാതിക്കാരായ രണ്ട് സ്ത്രീകള്‍ മാത്രമല്ല നാല്‍പ്പത്തിലേറെ സ്ത്രീകള്‍ കൊടുംക്രൂരതയ്ക്ക് ഇരയായിട്ടുണ്ടെന്നും സിബിഐഅഭിഭാഷകന്‍ കോടതിയോട് പറഞ്ഞു.

ജഡ്ജിയും രണ്ട് സഹായികളും മൂന്ന് പ്രതിഭാഗം അഭിഭാഷകരും രണ്ട് പ്രോസിക്യൂഷന്‍ അഭിഭാഷകരും പിന്നെ പ്രതിയായ ഗുര്‍മീതും അടക്കം ഒന്‍പത് പേര്‍ മാത്രമായിരുന്നു വിധി പ്രസ്താവിക്കുമ്പോള്‍ താല്‍കാലിക കോടതിയിലുണ്ടായിരുന്നത്.

വിധി പുറത്തുവന്നതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സുരക്ഷ സേനകള്‍ അതീവജാഗ്രത പാലിക്കുകയാണ്. ഹരിയാനയിലും പഞ്ചാബിലും പോലീസിനും കേന്ദ്രസേനയ്ക്കും പുറമേ സൈന്യവും സര്‍വ്വസജ്ജരായി നിലയുറപ്പിച്ചിട്ടുണ്ട്.

ഗുര്‍മീതിനെ പാര്‍പ്പിച്ച ജയിലിന് ചുറ്റുമായി അഞ്ച് സംരക്ഷണ വലയങ്ങളാണ് സുരക്ഷാ സേനകള്‍ ഒരുക്കിയിട്ടുള്ളത്. പഞ്ചാബിനും ഹരിയാനയ്ക്കും പുറമേ ഗുര്‍മീതിന് ഭക്തരുള്ള രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്,ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും പോലീസ് ജാഗ്രതയിലാണ്.

വെള്ളിയാഴ്ച്ച വിധി പ്രഖ്യാപനത്തിന് ശേഷമുണ്ടായ സംഘര്‍ഷം കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന-കേന്ദ്രസര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്ന വിമര്‍ശനം ഉയര്‍ന്നതിനാല്‍ ഇക്കുറി കടുത്ത നടപടി സ്വീകരിക്കാനാണ് സുരക്ഷാസേനകളുടെ തീരുമാനം.

വാദം പൂര്‍ത്തിയാക്കി ഇരുഅഭിഭാഷകരും കോടതിക്ക് പുറത്തു വന്നു. മാധ്യമങ്ങളോട് കാത്തിരിക്കാന്‍ നിര്‍ദേശം വിധി പ്രസ്താവത്തിന്റെ കോപ്പി ഉടന്‍ ലഭിക്കും.

 

Share news

Leave a Reply

Your email address will not be published. Required fields are marked *