ബപ്പൻകാട് റെയിൽവെ അടിപ്പാത നിർമ്മാണം അന്തിമഘട്ടത്തിലേക്ക്

കൊയിലാണ്ടി: ബപ്പൻകാട് റെയിൽവെ അടിപ്പാത നിർമ്മാണം അന്തിമഘട്ടത്തിലേക്ക്. അടിപ്പാതയുടെ ഇരുവശത്തുമുള്ള അപ്റോച്ച് റോഡിന്റെ നിർമ്മാണ പ്രവൃത്തിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. റോഡ് മെറ്റൽ ചെയ്ത ശേഷം ടാറിംഗ് പൂർത്തികരിക്കേണ്ടതുണ്ട്. മൂന്ന് മീറ്റർ വീതിയിലും രണ്ടര മീറ്റർ ഉയരത്തിലുമാണ് അടിപ്പാത നിർമ്മിച്ചിരിക്കുന്നത്. ഓട്ടോ, ഇരുചക്രവാഹനങ്ങൾ എന്നിവക്ക് കടന്നു പോകാൻ കഴിയുന്ന വിധത്തിലാണ് പാതയുടെ ക്രമീകരണം. കാൽനടയാത്രക്കാർക്കുള്ള നടപ്പാതയും ഉണ്ടാകും. ഈ മാസത്തോടെ പണി പൂർത്തീകരിക്കാനാണ് ശ്രമം.
കാലവർഷാരംഭത്തിന് മുമ്പായി പാത ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന ആവശ്യമുയർന്നിരുന്നു. കൊയിലാണ്ടി റെയിൽവെ മേൽപ്പാലം നിലവിൽ വന്നതോടെയാണ് ബപ്പൻകാട് ഗേറ്റ് എടുത്തു മാറ്റിയത്.ഇതോടെയാണ് സമീപവാസികൾക്കും യാത്രക്കാർക്കും നഗരത്തിൽ എത്തിപ്പെടാൻ ഏറെ പ്രയാസം നേരിടേണ്ടി വന്നത്. റെയിൽ പാതയുടെ കിഴക്ക് ഭാഗത്തുള്ള കോതമംഗലം അയ്യപ്പക്ഷേത്രം, വിഷ്ണു ക്ഷേത്രം, കോതമംഗലം സ്കൂൾ, നഗരസഭ കാര്യാലയം എന്നിവിടങ്ങളിലെത്തിപ്പെടാനും ഏറെ യാത്ര ചെയ്യേണ്ടി വരുന്ന സ്ഥിതിയാണുള്ളത്.

അടിപ്പാത തുറന്നുകൊടുക്കുന്നതോടെ മേൽപ്പാലം വഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം സുഗമമാക്കാനാവും. ചെറുവാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കുമ്പോഴുണ്ടാകുന്ന ടോൾ ബൂത്തിലെ ഇടക്കിടെയുള്ള ഗതാഗത സ്തംഭനത്തിനും അയവു വരും. ബപ്പൻകാട് റോഡിലെ ഏറെക്കാലമായി നിർജ്ജീവവസ്ഥയിലായ വ്യാപാര സ്ഥാപനങ്ങൾ സജീവമാകുകയും ചെയ്യും.

