ഫിലമെൻ്റ് രഹിത കേരളം പദ്ധതി: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഫിലമെൻ്റ് രഹിത കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. വീടുകളിലെ സാധാരണ ഫിലമെൻ്റ് ബൾബുകൾ മാറ്റി എൽഇഡി ബൾബുകൾ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. വൈദ്യുതി ഉപഭോഗവും ചെലവും ഗണ്യമായി കുറയ്ക്കാന്‍ ഇത് കൊണ്ടു കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി പൂർണമായാൽ 100 മുതൽ 150 വരെ മെഗാവാട്ട് വൈദ്യുതി ലഭിക്കാൻ കഴിയും. ഇതുവഴി കെഎസ്ഇബിയുടെ വൈദ്യുതി വാങ്ങൽ ചെലവ് കുറയും.

മൂന്നു വർഷം ഗ്യാരണ്ടിയുള്ള എൽഇഡി ബൾബുകളാണ് നല്‍കുന്നത്. 100 രൂപയിലധികം വിലയുള്ള ബൾബുകൾ 65 രൂപയ്ക്കാണ് നല്‍കുക. ഗ്യാരന്റി കാലയളവിനിടയില്‍ കേടായാല്‍ മാറ്റി നല്‍കും. ബൾബിൻ്റെ വില വൈദ്യുതി ബില്ലിൻ്റെ കൂടെ ഒന്നിച്ചോ തവണകളായോ അടയ്ക്കാം.

കെ.എസ്.ഇ.ബിയുടെ വെബ് പോർട്ട രജിസ്റ്റർ ചെയ്തവർക്കാണ് ബൾബ് നല്‍കുന്നത്. നിലവിൽ 17 ലക്ഷം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്ക് നല്കാന് 1 കോടി ബൾബുകൾ ഈ ഘട്ടത്തില്‍ വേണം. രജിസ്റ്റര്‍ ചെയ്യാത്തവർക്ക് രജിസ്റ്റർ ചെയ്യാൻ അവസരം നല്‍കും. പരമാവധി പേർ പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ആഭ്യര്‍ത്ഥിച്ചു.


പരിസ്ഥിതി സൗഹൃദമായ പദ്ധതിയാണ് കെഎസ്ഇബിയും എനർജി മാനേജ്മെൻ്റ് സെൻ്ററും ചേർന്ന് നടപ്പാക്കുന്നത്. കെഎസ്ഇബി തിരിച്ചെടുക്കുന്ന ഫിലമെൻ്റ് ബള്‍ബുകൾ ക്ലീൻ കേരള കമ്പനിക്ക് നല്‍കും. അവര്‍ അതു ശാസ്ത്രീയമായി സംസ്കരിക്കും. ആഗോളതാപനം തടയാൻ കേരളം മുന്നോട്ടുവെയ്ക്കുന്ന ബദല്‍ ഇടപെടലാണ് ഫിലമെൻ്റ് രഹിത കേരളം പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരുവു വിളക്കുകൾ പൂർണമായി എൽഇഡിയായി മാറ്റാനുള്ള ‘നിലാവ്’ പദ്ധതി നടപ്പാക്കാനുള്ള നടപടി ആരംഭിച്ചിരിക്കുകയാണ്. 16 ലക്ഷം തെരുവുവിളക്കുകളില്‍ 5.5 ലക്ഷം ഇപ്പോള്‍ തന്നെ എല്‍ഇഡിയാണ്. ബാക്കി 10.5 ലക്ഷം മാറ്റാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ രണ്ടു ലക്ഷം ബള്‍ബുകള്‍ മാറ്റും. അടുത്ത ഘട്ടത്തില്‍ ബാക്കി മുഴുവന്‍ മാറ്റും. വൈദ്യുതി ഉല്പാദന-വിതരണ-പ്രസരണ രംഗങ്ങളില്‍ നാലര വര്‍ഷം കൊണ്ട് സര്‍ക്കാര്‍ വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. തുടര്‍ച്ചയായി നാലുവര്‍ഷം ദേശീയ ഊര്‍ജസംരക്ഷണ അവാര്‍ഡ് കേരളത്തിന് ലഭിച്ചത് ഇതിനുള്ള അംഗീകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈദ്യുതി മന്ത്രി എം എം മണി, തദ്ദേശസ്വയംഭരണ മന്ത്രി എ സി മൊയ്തീന്, കെഎസ്ഇബി ചെയര്മാന് എന്‍ എസ് പിള്ള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വൈദ്യുതി ബോര്‍ഡ് ഡയറക്ടര്‍ ഡോ. വി. ശിവദാസന്‍ സ്വാഗതം പറഞ്ഞു.
