KOYILANDY DIARY

The Perfect News Portal

ഫിഫ ബെസ്റ്റ് പ്ലെയര്‍ പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്

സൂറിക്ക് : കളി മികവുകൊണ്ടു മാത്രം നേടാനാവുന്ന താരചക്രവര്‍ത്തിപ്പട്ടം ഇക്കുറി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച പുരുഷ ഫുട്ബോള്‍ താരത്തിനുള്ള ഫിഫ ബെസ്റ്റ് പ്ലെയര്‍ പുരസ്കാരം പോര്‍ച്ചുഗല്‍ ക്യാപ്റ്റനും സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിന്റെ സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി. ഫിഫ ആസ്ഥാനത്ത് ഇന്നലെ അര്‍ധരാത്രി നടന്ന ചടങ്ങിലാണു പ്രഖ്യാപനം.

ബാര്‍സിലോനയുടെ അര്‍ജന്റീന താരം ലയണല്‍ മെസ്സി, അത്ലറ്റിക്കോ മഡ്രിഡിന്റെ ഫ്ര​ഞ്ച് താരം അന്റോയ്ന്‍ ഗ്രീസ്മന്‍ എന്നിവരെ പിന്തള്ളിയാണു ക്രിസ്റ്റ്യാനോ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത്. വോട്ടെടുപ്പില്‍ മെസ്സി രണ്ടാമതും ഗ്രീസ്മന്‍ മൂന്നാമതുമായി. പോര്‍ച്ചുഗലിന് യൂറോ കപ്പും റയല്‍ മഡ്രിഡിന് യുവേഫ ചാംപ്യന്‍സ് ലീഗും നേടിക്കൊടുത്ത പ്രകടനമാണു മുപ്പത്തിയൊന്നുകാരന്‍ താരത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

ഞാന്‍ സന്തുഷ്ടനാണ്. 2016 എന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമാണെന്നു പറയാന്‍ ഇതു ധാരാളം- ഫിഫ പ്രസി‍ഡന്റ് ജിയാനി ഇന്‍ഫന്റീനോയുടെ കൈയില്‍നിന്നു പുരസ്കാരം സ്വീകരിച്ച ശേഷം ക്രിസ്റ്റ്യാനോ പറഞ്ഞു.

Advertisements

നാലാം തവണയാണു ക്രിസ്റ്റ്യാനോ ഫിഫ പുരസ്കാരം നേടുന്നത്. 2008, 2013, 2014 വര്‍ഷങ്ങളിലായിരുന്നു ഇതിനു മുന്‍പു കിരീടം നേടിയത്. റയല്‍ മഡ്രിഡിനെ യൂറോപ്പിലെ ഒന്നാം നിര കിരീടമായ ചാംപ്യന്‍സ് ലീഗ് ട്രോഫിക്ക് അര്‍ഹനാക്കിയ റൊണാള്‍ഡോ, ഫൈനലിലെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ നിര്‍ണായക കിക്ക് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.

16 ഗോള്‍ നേടിയ ക്രിസ്റ്റ്യാനോയായിരുന്നു ചാംപ്യന്‍ഷിപ്പിലെ ടോപ്സ്കോറര്‍. പിന്നാലെയാണു യൂറോപ്പിന്റെ ലോകകപ്പായ യൂറോ കപ്പില്‍ റൊണാള്‍ഡോ ക്യാപ്റ്റനായ പോര്‍ച്ചുഗല്‍ ജേതാക്കളായത്. ദേശീയ ടീം പരിശീലകര്‍, ക്യാപ്റ്റന്‍, തിരഞ്ഞെടുക്കപ്പട്ട ജേണലിസ്റ്റുകള്‍, ആരാധകര്‍ക്കായുള്ള ഓണ്‍ലൈന്‍ വോട്ടിങ് എന്നിവയിലൂടെയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

മികച്ച പരിശീലകനുള്ള പുരസ്കാരം ഇംഗ്ലിഷ് ക്ലബ് ലെസ്റ്റര്‍ സിറ്റിയുടെ കോച്ച്‌ ക്ലോഡിയോ റാനിയേരി സ്വന്തമാക്കി. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ കിരീടം നേടാന്‍ ആരും സാധ്യത കല്‍പിക്കാതിരുന്ന ലെസ്റ്റര്‍ സിറ്റിയുടെ പടയോട്ടത്തിനു ചുക്കാന്‍ പിടിച്ചത് റാനിയേരിയായിരുന്നു. പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ്, റയല്‍ മഡ്രിഡിന്റെ കോച്ച്‌ സിനദിന്‍ സിദാന്‍ എന്നിവരെയാണു റാനിയേരി പിന്തള്ളിയത്.

മറ്റു പുരസ്കാരങ്ങള്‍:
വനിതാ താരം- കാര്‍ലി ലോയ്ഡ് (യുഎസ്‌എ)
മികച്ച ഗോള്‍ ( പുസ്കാസ് പുരസ്കാരം) – മുഹമ്മദ് ഫെയ്സ് സുബ്രി, മലേഷ്യ സൂപ്പര്‍ ലീഗ്
ഔട്ട് സ്റ്റാന്‍ഡിങ് കരിയര്‍: റഡാമേല്‍ ഫല്‍കാവോ (ബ്രസീല്‍)

ഫെയര്‍ പ്ലേ: അത്ലറ്റിക്കോ നാസിയോണല്‍ (ബ്രസീല്‍) – വിമാനദുരന്തത്തില്‍ കളിക്കാരും പരിശീലകരും കൊല്ലപ്പെട്ട ഷപ്പകോയെന്‍സ് ക്ലബ്ബിനു ട്രോഫി നല്‍കാന്‍ തീരുമാനിച്ചതിന്റെ പേരില്‍.
വനിതാ കോച്ച്‌: സില്‍വിയ നീഡ് (ജര്‍മനി)

Leave a Reply

Your email address will not be published. Required fields are marked *