പൗരത്വ ഭേദഗതി നിയമം: കേരളാ സര്‍ക്കാരിനും ജനങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്ന് സീതാറാം യെച്ചൂരി

ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം അവതരിപ്പിച്ച കേരളാ സര്‍ക്കാരിനും ജനങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ട്വിറ്ററിലൂടെയായിരുന്നു യെച്ചൂരിയുടെ പ്രതികരണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അല്‍പ്പസമയം മുമ്പാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. ഇതിന് പിന്നാലെയായിരുന്നു യെച്ചൂരിയുടെ ട്വീറ്റ്.
‘കേരളത്തിലെ ജനങ്ങള്‍ക്കും അവരുടെ സര്‍ക്കാരിനും അഭിനന്ദനങ്ങള്‍. ഇതാണു ജനങ്ങളെ ബാധിക്കുന്ന യഥാര്‍ഥ പ്രശ്‌നങ്ങള്‍. അല്ലാതെ ബിജെപി പിന്താങ്ങുന്ന വിദ്വേഷമോ, വിഭജനമോ, പ്രതികാരമോ, അല്ല. കേരള സൊമാലിയയെ വിളിക്കുന്ന ബിജെപിയുടെ പ്രചാരണത്തിനോ മോദിക്കോ ഈ വസ്തുതയെ എടുത്ത് മാറ്റാന്‍ കഴിയില്ലെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ കേരളം വീണ്ടും ഒന്നാമതായതിന്റെ വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.

പൗരത്വ ഭേദഗതി നിയമത്തില്‍ മതരാഷ്ട്ര സമീപനമാണ് ഉള്‍ച്ചേര്‍ന്നിരിക്കുന്നതെന്നും അതിനാല്‍ റദ്ദാക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് കേരളം പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചട്ടം 118 പ്രകാരം സര്‍ക്കാര്‍ പ്രമേയമായിട്ടാണ് അവതരിപ്പിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശനും പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇതേ വിഷയത്തില്‍ സര്‍ക്കാര്‍ തന്നെ പ്രമേയം അവതരിപ്പിക്കുന്നതിനാല്‍ അനുമതി നല്‍കിയില്ല.

