KOYILANDY DIARY.COM

The Perfect News Portal

പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭയില്‍ പ്രമേയം

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. അടിയന്തരമായി ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്.

ചട്ടം 118 പ്രകാരം സര്‍ക്കാര്‍ പ്രമേയമായിട്ടാണ് അവതരിപ്പിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ വി.ഡി സതീശനും പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലുംഇതേ വിഷയത്തില്‍ സര്‍ക്കാര്‍ തന്നെ പ്രമേയം അവതരിപ്പിക്കുന്നതിനാല്‍ അനുമതി നല്‍കിയില്ല. ബിജെപി. എംഎല്‍എ ഒ.രാജഗോപാല്‍ ഒഴികെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായി പ്രമേയത്തെ പിന്തുണയ്ക്കാനാണ് സാധ്യത. നിയമസഭയില്‍ പ്രമേയത്തില്‍ ചര്‍ച്ച തുടരുകയാണ്.

പൗരത്വം നല്‍കുന്നതില്‍ മതം അടിസ്ഥാനമാക്കി വിവേചനം പാടില്ല. നിയമത്തിനെതിരെ രാജ്യത്ത് വ്യാപകമായി പ്രതിഷധമുണ്ടായി. കേരളത്തില്‍ ഒറ്റക്കെട്ടായി സമാധാനപരമായിരുന്നു പ്രതിഷേധം. ഈ നിയമം നമ്മുടെ ഭരണഘടനയുടെ മൗലികാവകാശമായ സമത്വ തത്വത്തിന്റെ ലംഘനമാണ്. വിവിധ ജനവിഭാഗങ്ങളുടെ ജീവിതത്തേയും സംസ്‌കാരത്തേയും ഉള്‍ക്കൊണ്ടുകൊണ്ട്‌ രൂപപ്പെട്ടതാണ് ഇന്ത്യന്‍ ദേശീയത. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കപ്പെടുമ്ബോള്‍ മത-രാഷ്ട്ര സമീപനമാണ് അതില്‍ ഉള്‍ചേര്‍ന്നിരിക്കുന്നത്.

Advertisements

ഇത് ഭരണഘടന മുന്നോട്ട് വെക്കുന്ന മതനിരപേക്ഷ കാഴ്ചപ്പാടിന് കടകവിരുദ്ധമായതിനാല്‍ ഈ നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നില്ല. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളില്‍ ഉയര്‍ന്ന് വരുന്ന ആശങ്കകള്‍ കണക്കിലെടുത്തുകൊണ്ട്‌ പൗരത്വം നല്‍കുന്നതില്‍ മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് വഴി വെക്കുന്നതും ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകര്‍ക്കുന്നതുമായ പൗരത്വഭേദഗതി നിയമം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ വ്യക്തമാക്കി.

നിലവില്‍ നിയമമായ സ്ഥിതിക്ക് തുടര്‍ നടപടികള്‍ കൈക്കൊള്ളരുതെന്ന് കൂടി പ്രമേയത്തില്‍ കൂട്ടിച്ചേര്‍ക്കണമെന്ന് കെ.സി.ജോസഫ് ആവശ്യപ്പെട്ടു. ഇതിനിടെ പട്ടികജാതി-പട്ടിക വര്‍ഗ സംവരണം നീട്ടാനുള്ള പ്രമേയം സഭ പാസാക്കി. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ഐകകണ്‌ഠ്യേനയാണ് പാസാക്കിയത്. ജീര്‍ണ്ണിച്ച ജാതി വ്യവസ്ഥ പലതട്ടിലും നിലനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിപ്പിച്ചതിനെതിരെയും സഭയില്‍ പ്രമേയം പാസാക്കി. പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ക്കെതിരായ പ്രമേയം നിയമവിരുദ്ധമാണെന്ന് ബിജെപി നേതാവ് ഒ.രാജഗോപാല്‍ പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *