പ്ലസ് ടു വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം: കാഞ്ഞിരംകുളം പി.കെ.എസ്. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്ത നിലയില്‍. അവണാകുഴി പെരിങ്ങോട്ട് തേരിവിള വീട്ടില്‍ സെല്‍വരാജിന്റെയും അജിതയുടെയും മകന് ദിപിനെ (18)യും, അവണാകുഴി കാടുതരിശി ആഷികാ ഭവനില്‍ മനോഹരന്റെയും സിംലയുടെയും മകള്‍ ആഷികയെ (18) യുമാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ആരും താമസമില്ലാത്ത പുല്ലുവിളയിലെ ആഷികയുടെ അമ്മൂമ്മയുടെ വീട്ടിലാണ് ഇരുവരും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇരുവരും തമ്മില്‍ സ്നേഹത്തിലായിരുന്നെന്നും രണ്ടുപേരുടെയും വീട്ടുകാര്‍ ഇതിനെ എതിര്‍ത്തിരുന്നതായും പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് ഇരുവരെയും കാണാതായത്.

ഉച്ചയോടെ ഇവരുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കാഞ്ഞിരംകുളം പോലീസും നെയ്യാറ്റിന്‍കര പോലീസും കേസെടുത്തിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഐശ്വര്യ ആഷികയുടെ സഹോദരിയാണ്. ദിവ്യയാണ് ദിപിന്റെ സഹോദരി.
