പ്ലസ്ടു വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് കൊന്ന കേസില്‍ 10 ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു

ആലപ്പുഴ: വയലാറില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് കൊന്ന് കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വയലാര്‍ രാമവര്‍മ്മ ഹയര്‍സെക്കന്‍ററി സ്കൂള്‍ വിദ്യാര്‍ഥി അനന്ദുവാണ് കൊല്ലപ്പെട്ടത്. ആര്‍.എസ്.എസ് അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ നാളെ എല്‍.ഡി.എഫും യു.ഡി.എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം രാത്രി വയലാറില്‍ ക്ഷേത്ര ഉത്സവത്തിനിടെയാണ് പട്ടണക്കാട് സ്വദേശിയും രാമവര്‍മ്മ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിയുമായ അനന്തുവും സുഹൃത്തുക്കളും ആക്രമിക്കപ്പെട്ടത്. ഒരു സംഘം വിദ്യാര്‍ത്ഥികളും ഒപ്പം ഏതാനും ആളുകളും ചേര്‍ന്ന് ക്ഷേത്രത്തിന്റെ പിറക് വശത്തേക്ക് അനന്തുവിനെ കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഗുരുതരമായി മര്‍ദ്ദനമേറ്റ അനന്തു ആശുപത്രിയിലേക്ക് എത്തിക്കുമ്ബോഴേയ്ക്കും മരിച്ചിരുന്നു.

മൃതദേഹം ചേര്‍ത്തല ആശുപത്രിയില്‍ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. സംഭവത്തില്‍ പൊലീസ്‍ അറസ്റ്റു ചെയ്തയാളുകള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്. അനന്തുവും നേരത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു. പിന്നീട് ശാഖാപ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ഇതാണ് കൊലയ്ക്ക് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ആര്‍.എസ്.എസ് വ്യാപകമായി ആക്രമണം അഴിച്ചു വിടുകയാണെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറി സന്ദര്‍ശിച്ച മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കുട്ടികള്‍ തമ്മിലുള്ള തര്‍ക്കം മുതലെടുത്ത് സങ്കീര്‍ണമാക്കി കൊലപാതകം നടത്തുകയാണ് ആര്‍.എസ്.എസ് ചെയ്തതെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു ആരോപിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മകനാണ് അനന്തുവെന്നും കൊലപാതകത്തിനു പിറകില്‍ രാഷ്ട്രീയ കാരണമുണ്ടോ എന്ന് അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.

