KOYILANDY DIARY

The Perfect News Portal

പ്രസവശേഷം മാറിപ്പോയ കുഞ്ഞുങ്ങള്‍ അഞ്ചു മാസത്തിനു ശേഷം മാതാപിതാക്കളുടെ കൈയില്‍ തിരികെയെത്തി

ഷിംല: ജനിച്ചയുടന്‍ മാറിപ്പോയ കുഞ്ഞുങ്ങള്‍ അഞ്ചു മാസത്തിനു ശേഷം യഥാര്‍ത്ഥ മാതാപിതാക്കളുടെ കൈയില്‍ തിരികെയെത്തി. ഹിമാചല്‍പ്രദേശിന്റെ തലസ്ഥാനമായ ഷിംലയിലെ കമലാ നെഹ്റു ആശുപത്രിയിലാണ് സംഭവം നടന്നത്. ഇന്ദിരാ ഗാന്ധി മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്സായ ശീതളിന് മേയ് 26ന്‌ ആണ്‍കുട്ടി പിറന്നെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം അറിയിച്ചത്. എന്നാല്‍ ലഭിച്ചത് പെണ്‍കുഞ്ഞിനെയായിരുന്നു.

അതേ ആശുപത്രിയില്‍ തന്നെ അഞ്ജന എന്ന യുവതി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.തുടര്‍ന്ന് ശീതള്‍ പരാതിയുമായി ആശുപത്രി അധികൃതരെ സമീപിച്ചു. എന്നാല്‍,​ ശീതള്‍ ജന്മം നല്‍കിയത് പെണ്‍കുഞ്ഞിനെ ആണെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചു പറഞ്ഞു. ഇതേതുടര്‍ന്നാണ് ശീതളും ഭര്‍ത്താവും കോടതിയെ സമീപിച്ചത്. കോടതി,​ ഡി.എന്‍.എ പരിശോധന നടത്താന്‍ ഉത്തരവിട്ടു.

പരിശോധനാഫലം വന്നപ്പോള്‍ ശീതള്‍ ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയതെന്ന് തെളിഞ്ഞു. തുടര്‍ന്ന്,​ പ്രശ്നം കോടതിക്ക് പുറത്തുവച്ച്‌ ഒത്തുതീര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സ്വന്തം മകനെ തിരിച്ചുകിട്ടിയ ശീതള്‍ വളരെ സന്തോഷവതിയായിരുന്നു. അതേസമയം നിറകണ്ണുകളോടെയാണ് അഞ്ജന കുട്ടിയെ വിട്ടുനല്‍കിയത്. അഞ്ജനയ്ക്ക് പത്തുവയസുള്ള ഒരു മകന്‍ കൂടിയുണ്ട്. അതേസമയം ആശുപത്രിയിലെ സ്റ്റാഫ് നഴ്സിനെയും ഒരു പ്രസവ ശുശ്രൂഷകയേയും പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *