KOYILANDY DIARY

The Perfect News Portal

പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് എത്തിച്ചുകൊടുക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന യുവാവ് എക്‌സൈസ് പിടിയില്‍

കൊയിലാണ്ടി: കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് എത്തിച്ചുകൊടുക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന  യുവാവ് എക്‌സൈസ് പിടിയില്‍. നടുവണ്ണൂര്‍ തോലേക്കീഴില്‍ അര്‍ഷാദി(33) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് 20 പൊതി കഞ്ചാവ് പിടികൂടി. കൊയിലാണ്ടി ടൗണ്‍ ഹാളിന് സമീപമാണ് കഞ്ചാവ് വിറ്റിരുന്നത്. പിടികൂടുമെന്നു കണ്ടപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. കോഴിക്കോട് എക്‌സൈസ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് സി.ഐ. ഹരികൃഷ്ണന്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് ഇയാളെ പിടിച്ചത്. ഇതിനിടയില്‍ സ്‌ക്വാഡ് അംഗം അവിനാഷിന് പരിക്കേറ്റു.

വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ഷാദ് രണ്ടാഴ്ച മുമ്പാണ് ജയിലില്‍ നിന്നിറങ്ങിയത്. അന്നുമുതല്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. കാസര്‍കോട്, മംഗലാപുരം എന്നിവിടങ്ങളില്‍നിന്നാണ് കഞ്ചാവ് എത്തിച്ചിരുന്നത്. അന്യസംസ്ഥാന തൊഴിലാളികളും ഇയാളുടെ ഇരകളായിരുന്നു. കഴിഞ്ഞദിവസം 100 പായ്ക്കറ്റ്  ബ്രൗണ്‍ഷുഗറുമായി കൊയിലാണ്ടി സ്വദേശി ഷാജഹാനെ എക്‌സൈസ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ അടുത്തകൂട്ടാളിയാണ് അര്‍ഷാദെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.