പ്രഥമ ശുശ്രൂഷ പഠന ക്ലാസ് സംഘടിപ്പിച്ചു
കൊയിലാണ്ടി: മണമൽ തേജസ് റസിഡൻ്റ്സ് അസോസിയേഷനും, കൊയിലാണ്ടി ഫയർ ആൻ്റ് റസ്ക്യൂ സ്റ്റേഷനുമായി ചേർന്ന് പ്രഥമ ശുശ്രൂഷ പഠന ക്ലാസ് സംഘടിപ്പിച്ചു. മണമലിൽ വെച്ച് നടന്ന പരിപാടി നഗരസഭ കൗൺസിലർ ശ്രീജാറാണി ഉദ്ഘാടനം ചെയ്തു. കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റവരെ എങ്ങിനെ പ്രഥമ ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിക്കാം, തീപിടുത്തത്തിൽ പൊള്ളലേറ്റവർക്ക് പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങൾ, ഗ്യാസ് സിലിണ്ടറിൽ തീപിടുത്തമുണ്ടായാൽ എങ്ങിനെ തീയണക്കാം, ജലാശയത്തിൽ അകപ്പെട്ടവരെ എങ്ങിനെ രക്ഷപ്പെടുത്താം എന്നതിനെപറ്റി വിശദമായ ക്ലാസ്സ് സംഘടിപ്പിച്ചു.
സ്റ്റേഷൻ ഓഫീസർ സി. പി. ആനന്ദൻ ക്ലാസിന് നേതൃത്വം നൽകി. സുരേഷ് കുമാർ കന്നൂര് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം. രവീന്ദ്രൻ ആശംസാ പ്രസംഗം നടത്തി. അസോസിയേഷൻ സെക്രട്ടറി എം. ടി. മോഹൻദാസ് സ്വാഗതവും എം ഷീല നന്ദിയും പറഞ്ഞു. തുടർന്ന് നിത്യാനന്ദൻ കൊയിലാണ്ടിയുടെ “ദിനേശൻ്റെ കഥ ” എന്ന ഏകപാത്ര നാടകവും അരങ്ങേറി.





