പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക‌് എല്‍ഡിഎഫ‌് കടന്നു

തിരുവനന്തപുരം: ഒറ്റക്കെട്ടായ സ്ഥാനാര്‍ഥി നിര്‍ണയത്തിലൂടെ പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക‌് എല്‍ഡിഎഫ‌് കടന്നു. ഗ്രൂപ്പ‌് തര്‍ക്കവും സീറ്റിന‌് വേണ്ടിയുള്ള പിടിവലിയും മൂലം യുഡിഎഫിലും എന്‍ഡിഎയിലും അസ്വസ്ഥത പുകയുന്നു. രാഷ്ട്രീയ, വികസനവിഷയങ്ങള്‍ മുന്നോട്ടുവച്ച‌് എല്‍ഡിഎഫ‌് പ്രചാരണത്തില്‍ ബഹുദൂരം മുന്നിലാണ‌്.
എല്‍ഡിഎഫ‌് സ്ഥാനാര്‍ഥികള്‍ ജനങ്ങള്‍ക്കുമുന്നിലെത്തിയിട്ട‌് പത്ത‌് ദിവസത്തിലേറെയായി. പാര്‍ലമെന്റ‌്, അസംബ്ലി മണ്ഡലം കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായി. മേഖലാ, ബൂത്ത‌് തല കണ്‍വന്‍ഷനുകള്‍ രണ്ട‌് ദിവസത്തിനകം പൂര്‍ണമാവും.

പൊതുപര്യടനം 23 മുതല്‍

എല്‍ഡിഎഫ‌് സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പൊതുപര്യടനം 23ന‌് തുടങ്ങും. ഇക്കുറി മൂന്നുഘട്ടമായാണ‌് പര്യടനം. ബൂത്ത‌് അടിസ്ഥാനത്തിലുള്ള കുടുംബയോഗങ്ങളും ഉടന്‍ തുടങ്ങും. വോട്ടര്‍മാരെ നേരില്‍കണ്ട‌് സ്ഥാനാര്‍ഥികള്‍ മുന്നേറുകയാണിപ്പോള്‍. 20 മണ്ഡലം കണ്‍വന്‍ഷനുകളിലും വന്‍ജനപങ്കാളിത്തമായിരുന്നു. സ‌്ത്രീകളുടെ പങ്കാളിത്തവും ശ്രദ്ധേയമാണ‌്. ദേശീയ രാഷ്ട്രീയ വിഷയങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളിലെ വ്യത്യാസവും വിശദീകരിച്ചാണ‌് പ്രചാരണം. ബിജെപിക്കും കോണ്‍ഗ്രസിനും എതിരായ രാഷ്ട്രീയ നിലപാടിനും, ഇടതുപക്ഷം എന്തുകൊണ്ട‌് നിര്‍ണായക ശക്തിയാകണമെന്ന‌് സ്ഥാപിക്കുന്ന വാദമുഖങ്ങള്‍ക്കും ജനങ്ങളില്‍ വന്‍സ്വീകാര്യതയാണ‌് ലഭിക്കുന്നതെന്ന‌് എല്‍ഡിഎഫ‌് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. ഏപ്രില്‍ ഒന്നു മുതല്‍ ഇടതുപക്ഷ ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും പ്രചാരണ രംഗത്ത‌് സജീവമാകും. എല്ലാ മണ്ഡലങ്ങളിലെയും പ്രവര്‍ത്തനാവലോകം മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടക്കുന്നു.

ലീഗ്-എസ്‌ഡിപിഐ സഖ്യം
ചില മാധ്യമങ്ങള്‍ യുഡിഎഫിന‌് പ്രതീക്ഷ പകരാന്‍ വിഫലശ്രമം നടത്തിയെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അരങ്ങേറിയ അന്തര്‍ നാടകങ്ങളും തര്‍ക്കവും ജനങ്ങളില്‍ അവമതിപ്പുണ്ടാക്കി. ദേശീയ രാഷ്ട്രീയ വിഷയങ്ങളിലേക്ക‌് ഇതുവരെ പ്രവേശിക്കാന്‍ കോണ്‍ഗ്രസിനായിട്ടില്ല. മുന്നണി എന്നനിലയില്‍ മുന്നോട്ടുവരാന്‍ യുഡിഎഫിനും കഴിഞ്ഞിട്ടില്ല. മുസ്ലിംലീഗിന‌് മുമ്ബെങ്ങുമില്ലാത്ത വിധംആത്മവിശ്വാസം ചോര്‍ന്നതിന്റെ തെളിവാണ‌് എസ‌്ഡിപിഐയുമായി നടത്തിയ രഹസ്യ ചര്‍ച്ച.
തീവ്രവാദ സംഘടനകളുമായി സന്ധി ചെയ്യാനാണ‌് ലീഗും കോണ്‍ഗ്രസും അവസരം പാര്‍ത്തിരിക്കുന്നതെന്ന‌് ഇതിനകം ബോധ്യമായി. സ്ഥാഡനാര്‍ഥി നിര്‍ണയത്തില്‍ നടക്കുന്ന പിടിവലി ബിജെപിയിലെ ജീര്‍ണതയാണ‌് വെളിപ്പെടുത്തുന്നത‌്. ഭൂരിപക്ഷം മണ്ഡലത്തിലും കാര്യമായ പ്രകടനം കാഴ‌്ച വയ‌്ക്കാനാകില്ലെന്ന‌് ബോധ്യമാണെങ്കിലും സീറ്റിന‌് വേണ്ടിയുള്ള കടിപിടിക്ക‌് പിന്നില്‍ ലക്ഷ്യം മറ്റു പലതാണ‌്. ഒരുകേന്ദ്രമന്ത്രി തന്നെ സീറ്റിനുവേണ്ടി നേതൃത്വത്തോട‌് യാചിക്കുകയാണ‌്.
സംസ്ഥാന സര്‍ക്കാരിനുള്ള ജനപിന്തുണ വ്യക്തം
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം ജനങ്ങളിലുണ്ടാക്കിയിട്ടുള്ള മതിപ്പ‌് പ്രചാരണത്തില്‍ പ്രകടമാണ‌്. സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാടിനുള്ള ജനപിന്തുണയ‌്ക്കുള്ള സാക്ഷ്യപത്രമാണ‌് കണ്‍വന്‍ഷനുകളിലെ പങ്കാളിത്തം.
