പോലീസ് ആസ്ഥാനത്ത് സംഘര്‍ഷമുണ്ടായത് ബാഹ്യ ഇടപെടല്‍ മൂലം: ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തിന് മുന്നില്‍ സംഘര്‍ഷമുണ്ടായത് ബാഹ്യ ഇടപെടല്‍ ഉണ്ടായതിനാലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ചില പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികളെക്കുറിച്ച് ഇന്ന് വൈകുന്നേരത്തിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഐജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഘര്‍ഷത്തിന് പിന്നില്‍ ബാഹ്യ ഇടപെടലുണ്ടായെന്നും ഇന്റലിജന്‍സിന്റെ ഭാഗത്തുനിന്ന് തനിക്ക് സൂചന ലഭിച്ചിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. തങ്ങള്‍ ആറുപേരാണ് വന്നതെന്നാണ് ജിഷ്ണുവിന്റെ അമ്മാവന്‍ തന്നോടു പറഞ്ഞതെന്നും എന്നാല്‍ പോലീസ് ആസ്ഥാനത്തെത്തിയപ്പോള്‍ അത് വലിയ സംഘമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ ജിഷ്ണുവിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പോലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കളെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഐജി മനോജ് എബ്രഹാം അറിയിച്ചു. ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ ഇന്ന് വൈകുന്നേരത്തിനുള്ളില്‍ നടപടിയുണ്ടാകുമെന്നും ഐജി പറഞ്ഞു. ജിഷ്ണുവിന്റെ മാതാപിതാക്കളെ മര്‍ദ്ദിച്ച സംഭവം ഡിസിപി അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോലീസ് ആസ്ഥാനത്ത് എല്ലാവര്‍ക്കും സമരം നടത്താന്‍ അനുവാദമില്ല. മുന്‍കൂര്‍ അനുവാദം വാങ്ങിയതിന് ശേഷം ധര്‍ണ നടത്താവുന്നതാണ്. ജാഥയായി വന്നതിനാലാണ് പോലീസ് ജിഷ്ണുവിന്റെ ബന്ധുക്കളെ തടഞ്ഞത്. മാത്രമല്ല ഡിജിപിയെ ആര്‍ക്കുവേണമെങ്കിലും കാണാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
