KOYILANDY DIARY

The Perfect News Portal

പൊലീസ് സേനയില്‍ വനിതാ പ്രാതിനിധ്യം 15 ശതമാനമായി ഉയര്‍ത്തും

തിരുവനന്തപുരം: പൊലീസ് സേനയില്‍ വനിതാ പ്രാതിനിധ്യം 15 ശതമാനമായി ഉയര്‍ത്തുക എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ നടപടിയായാണ് ഒരു പ്രത്യേക ബറ്റാലിയന്‍ രൂപീകരിച്ചത്. കൂടാതെ സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് വനിതകളുടെ നേരിട്ട് റിക്രൂട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. പൊലീസില്‍ വനിതാ പൊലീസ് എന്നുള്ള പദം ഒഴിവാക്കുന്ന കാര്യവും പരിശോധിച്ചുവരികയാണ്. പൊലീസ് സേനയില്‍ കൂടുതല്‍ വനിതകള്‍ ഉണ്ടാവുക എന്നത് പരിഷ്‌കൃത സമൂഹത്തിന് അനിവാര്യമാണെന്നും ഈ തൊഴിലിലേക്ക് കൂടുതല്‍പേരെ ആകര്‍ഷിക്കേണ്ടതുണ്ടെന്നും ഗീതാ ഗോപി എംഎല്‍എയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

തൃശൂര്‍ റൂറല്‍ ജില്ലയില്‍ പൊലീസ് സേനയില്‍ വനിതകള്‍ക്കായി 90 തസ്തികകള്‍ ഉണ്ടെങ്കിലും 59 പേര്‍ മാത്രമാണ് ജോലി നോക്കുന്നത്. എണ്ണത്തിലെ ഈ കുറവാണ് ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും പ്രതിഫലിക്കുന്നത്. അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ സ്ഥിതിയും വ്യത്യസ്തമല്ല. നിലവില്‍ 5 തസ്തികകള്‍ ഉള്ളതില്‍ 2 പേര്‍ മാത്രമാണ് ജോലി നോക്കിവരുന്നത്. ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ ഇരിങ്ങാലക്കുട വനിതാ പൊലീസ് സ്റ്റേഷനില്‍നിന്നും, പിങ്ക് പൊലീസില്‍ നിന്നുമുള്ള വനിതകളുടെ സേവനം ഉപയോഗപ്പെടുത്തിവരുന്നുണ്ട്. അതോടൊപ്പം, അന്തിക്കാട് ഒഴിവുകള്‍ നികത്തുന്നതിനുള്ള നിര്‍ദ്ദേശം പൊലീസ് മേധാവിക്ക് നല്‍കിയിട്ടുണ്ട്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുളള ലൈംഗികാതിക്രമ കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. സ്ത്രീ സുരക്ഷാ നിയമങ്ങളെ സംബന്ധിച്ചും അവരുടെ അവകാശങ്ങളെ സംബന്ധിച്ചും ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ വഴി ലഭിച്ച അറിവുകള്‍ മുഖേന കുട്ടികള്‍ അവര്‍ക്കു നേരെ ഉണ്ടായിട്ടുള്ള ലൈംഗികാതിക്രമങ്ങള്‍ പുറത്ത് പറയാന്‍ മുന്നോട്ട് വരുന്ന സാഹചര്യം സംസ്ഥാനത്താകമാനം വന്നുകഴിഞ്ഞിട്ടുണ്ട്. ഇത്തരം പരാതികളില്‍ കേസുകള്‍ എടുത്ത് അന്വേഷിക്കുന്നതില്‍ പൊലീസ് ജാഗ്രതയോടെ ഇടപെടുന്നുണ്ടെന്ന് ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എയുടെ അടിയന്തരപ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *