പൊലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മയെ അറസ്റ്റ് ചെയ്ത് നീക്കി

തിരുവനന്തപുരം : പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് പൊലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മയെ അറസ്റ്റ് ചെയ്ത് നീക്കി.
പൊലീസ് ആസ്ഥാനത്ത് അനിശ്ചിതകാല സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ ബന്ധുക്കളെയും കുടുംബത്തെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അതീവ സുരക്ഷാ മേഖലയില്‍പെട്ട പൊലീസ് ആസ്ഥാനത്ത് സമരം അനുവദിക്കില്ലെന്നായിരുന്നു പൊലീസ് നിലപാട്. സമരത്തിനെത്തിയ ആറ് പേരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഡിജിപി അറിയിച്ചുവെങ്കിലും മുഴുവന്‍ പേര്‍ക്കും അനുമതി വേണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. പൊലീസ് ഇത് നിരകാരിച്ചു.തുടര്‍ന്ന് മടങ്ങിപ്പോകാന്‍ ആവശ്യപെട്ടെങ്കിലും തയ്യാറാകാത്തതിനാല്‍ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

ഏറെ നേരത്തേ ഉന്തിനും തള്ളിനും ശേഷമായിരുന്നു ജിഷ്ണുവിന്റെ ബന്ധുക്കളായ 16 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. അറസ്റ്റിന് വഴങ്ങാതെ റോഡില്‍ കിടന്ന അമ്മ മഹിജയെ പൊലീസ് ബലം പ്രയോഗിച്ചാണ് വാനിലേക്ക് കയറ്റിയത്. ഡിജിപി ഓഫീസിലേക്ക് മാര്‍ച്ച് ചെയ്ത് എത്തിയവരെ റോഡില്‍ തന്നെ പൊലീസ് തടയുകയായിരുന്നു. പിരിഞ്ഞുപോകണമെന്ന ആവശ്യം അംഗീകരിക്കാന്‍ ബന്ധുക്കള്‍ തയാറായില്ല. ഇവരെ എ ആര് ക്യാമ്പിലേക്ക് മാറ്റിയതെന്നാണ് വിവരം.

ഇന്നലെ ജിഷ്ണുവിന്റെ മരണത്തില്‍ നെഹ്റു കോളജ് ചെയര്മാന് പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തിരുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് കൃഷ്ണദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ നാല് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം വിട്ടയ്ക്കുകയായിരുന്നു. എന്നാല്‍ കൃഷ്ണദാസിന്റെ അറസ്റ്റ് ഒത്തുകളിയാണെ ന്നാണ് കുടുംബം അറസ്റ്റിനോട് പ്രതികരിച്ചത്.

