KOYILANDY DIARY.COM

The Perfect News Portal

പൊതു വിദ്യാലയങ്ങളിലെ വിവരശേഖരണം ഇനി ഡിജിറ്റലായി നടത്തും

തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ വിവരശേഖരണം ഇനി ഡിജിറ്റലായി നടത്തും. ഐടി അറ്റ് സ്‌കൂളിന്റെ സമ്പൂര്‍ണ പോര്‍ട്ടല്‍ വഴിയാണ് ഇത് യാഥാര്‍ത്ഥ്യമാക്കുന്നത്. കുട്ടികളുടെ തലയെണ്ണല്‍ മുതല്‍ തസ്തിക നിര്‍ണയം വരെയുള്ള മുഴുവന്‍ വിവരണശേഖരണവും സമ്പൂര്‍ണ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.

ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലെ കുട്ടികളുടെ എല്ലാ വിശദാംശങ്ങളും ഇനി വിരല്‍തുമ്പില്‍ ശേഖരിക്കും. പൊതുവിദ്യാലയങ്ങള്‍ക്ക് പുറമെ സംസ്ഥാനത്തെ CBSE, ICSE, കേന്ദ്രീയവിദ്യാലയങ്ങള്‍, അംഗീകൃത അണ്‍എയിഡഡ് സ്‌കൂളുകള്‍ തുടങ്ങിയവയുടെ വിശദാംശങ്ങളും അതത് AEOമാര്‍ ഈ പോര്‍ട്ടലിലേക്ക് അപ്‌ലോഡ് ചെയ്യും.

ആറാം പ്രവര്‍ത്തിദിനത്തിലെ കുട്ടികളുടെ കണക്കെടുപ്പ് പൂര്‍ണമായും ഇത്തവണ സമ്പൂര്‍ണ സോഫ്റ്റ്‌വെയര്‍ വഴിയാക്കിയിട്ടുണ്ട്. സമ്പൂര്‍ണയുടെ ആദ്യ തലയെണ്ണല്‍ നാളെ നടക്കും. ഇതിന് സാങ്കേതിക സഹായം നല്‍കാന്‍ ഐടി@സ്‌കൂള്‍ 163 വിദ്യാഭ്യാസ ഉപജില്ലകളിലും ഹെല്‍പ്‌ഡെസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിലവില്‍ വിദ്യാഭ്യാസ വകുപ്പിനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും കുട്ടികളുടെ വിവരങ്ങള്‍ ഓരോ ആവശ്യങ്ങള്‍ക്കായി പലതവണ സ്‌കൂളുകള്‍ക്ക് നല്‍കേണ്ടിവരുന്ന പ്രയാസവും ഒഴിവാകും.

Advertisements

സ്‌കൂളുകളിലെ വിവരങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ എത്തി അവിടെ നിന്ന് സര്‍ക്കാരിന് ലഭിക്കുമ്പോഴേക്കും വലിയ കാലതാമസം നേരിടുന്നത് ഒഴിവാക്കാനും സമ്പൂര്‍ണ പോര്‍ട്ടലിന് സാധിക്കും. ഓണ്‍ലൈന്‍ വിവരങ്ങളുടെ ആധികാരികത കാലാകാലങ്ങളില്‍ പരിശോധിച്ചു ഉറപ്പുവരുത്തുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റുകള്‍ അതതു സമയങ്ങളില്‍ പുറപ്പെടുവിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സമ്പൂര്‍ണ സോഫ്റ്റ്‌വെയറില്‍ വിദ്യാര്‍ഥികളുടെ പ്രവേശന രജിസ്റ്ററിന്റെ പകര്‍പ്പ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, കുട്ടികളെ സംബന്ധിക്കുന്ന റിപ്പോര്‍ട്ടുകള്‍, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്കാവശ്യമുള്ള ലിസ്റ്റുകള്‍, പ്രോഗ്രസ് റിപ്പോര്‍ട്ട്, സ്ഥാനക്കയറ്റ ലിസ്റ്റ്, സ്‌പോര്‍ട്‌സ് സ്‌കൂള്‍ കലോല്‍സവം തുടങ്ങിയ മത്സരങ്ങള്‍ക്കാവശ്യമായ ഫോറങ്ങള്‍ തയ്യാറാക്കല്‍, എസ്എസ്എല്‍സി പരീക്ഷക്കുള്ള എലിസ്റ്റ്, കുട്ടികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ തുടങ്ങി സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷനാവശ്യമായ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്കുപുറമെ അധ്യാപക ജീവനക്കാരുടെയും വിശദാംശങ്ങളും സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തും.

Share news

Leave a Reply

Your email address will not be published. Required fields are marked *