പൂവരണി പീഡനക്കേസിലെ ഒന്നാം പ്രതി ലിസി ടോമിക്ക് 25 വര്‍ഷം കഠിനതടവും നാലു ലക്ഷം രൂപ പിഴയും
കോട്ടയം > രണ്ട്, മൂന്ന്, അഞ്ച് പ്രതികള്‍ക്ക് ആറു വര്‍ഷം തടവും ഒരു ലക്ഷം രൂപയും കോടതി ശിക്ഷ വിധിച്ചു. നാല്, ആറ് പ്രതികള്‍ക്ക് നാലു വര്‍ഷം തടവും 25,000 രൂപ പിഴയും കോടതി വിധിച്ചു.
ഒന്നാം പ്രതിക്ക് നാലു വകുപ്പുകളിലായാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 366 എ, 372, 373 വകുപ്പുകള്‍ പ്രകാരം 21 വര്‍ഷം തടവ് അനുഭവിക്കണം. 120 ബി പ്രകാരം നാലു വര്‍ഷം തടവും വിധിച്ചു.

രണ്ടാം പ്രതി തീക്കോയി സ്വദേശിനി വടക്കേല്‍ ജോമിനി, മൂന്നാം പ്രതി പൂഞ്ഞാര്‍ ചങ്ങനാരിപറമ്പില്‍ ജ്യോതിഷ്, അഞ്ചാം പ്രതി കൊല്ലം തൃക്കരുവ ഉത്രട്ടാതി വീട്ടില്‍ സതീഷ്കുമാര്‍ എന്നിവര്‍ക്ക് ആറു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. നാലാം പ്രതിയായ പൂഞ്ഞാര്‍ തെക്കേക്കര കൊട്ടാരംപറമ്പില്‍ തങ്കമണി, ആറാം പ്രതി തൃശൂര്‍ പറക്കാട്ട് കിഴക്കുംപുറത്ത് രാഖി എന്നിവര്‍ക്ക് നാലുവര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

മുഖ്യപ്രതി ലിസിയടക്കം ആറുപേര്‍ കുറ്റക്കാരെന്നു കോടതി വ്യാഴാഴ്ച കണ്ടെത്തിയിരുന്നു. കേസില്‍ അഞ്ചുപേരെ വെറുതെ വിട്ടു. 10–ാം പ്രതി വിസ്താരം നടക്കുന്നതിനിടെ ജീവനൊടുക്കിയിരുന്നു.

പൂവരണി സ്വദേശിനിയായ എട്ടാം ക്ളാസ് വിദ്യാര്‍ഥിനിയെ പ്രസവിച്ചുകിടക്കുന്ന മകളെ പരിചരിക്കുന്നതിനാണ് ബന്ധുവായ ലിസി കൂട്ടിക്കൊണ്ടുപോയത്. പിന്നീട് പണത്തിനായി ഇവര്‍ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ അവസരമൊരുക്കിയെന്നാണ് കേസ്. പെണ്‍കുട്ടി പിന്നീട് എയ്ഡ്സ് രോഗം പിടിപെട്ട് തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 2008 മെയ് അഞ്ചിന് മരിച്ചു. പെണ്‍കുട്ടിയുടെ മരണശേഷം അമ്മ സാന്ത്വനം ഡയറക്ടര്‍ ആനി ബാബുവിന്റെ സഹായത്തോടെ അന്നത്തെ കോട്ടയം പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.
