പൂഴ്ത്തിവച്ചത് 600 ഫയലുകള്‍; ഇടപാടിന് ഇടനിലക്കാര്‍; ജിയോളജി വകുപ്പില്‍ വിജിലന്‍സ് പരിശോധന
കോട്ടയം: ജില്ലയിലെ ജിയോളജി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. കൈക്കൂലി ലഭിക്കാത്തതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി പൂഴ്ത്തിവച്ച 600 ഫയലുകളും ക്വാറി–ക്രഷര്‍ നടത്തിപ്പിനുള്ള 19 അപേക്ഷകളും ജിയോളജി ഓഫീസര്‍ക്ക് കൈക്കൂലി നല്‍കാനായി കരാറുകാരന് കൊണ്ടുവന്ന 5000 രൂപയും പിടിച്ചെടുത്തു.
ജിയോളജി ഓഫീസിലെ അഴിമതിയും ഇടനിലക്കാരുടെ ഇടപെടലും കാണിച്ച് വിജിലന്‍സ് എസ്പി വി ജി വിനോദ്കുമാറിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെമുതല്‍ പരിശോധന നടത്തിയത്. മണ്ണ് ഖനനത്തിന് അടക്കം പെര്‍മിറ്റ് അനുവദിക്കുന്നതില്‍ വലിയ ക്രമക്കേട് നടന്നതായി പരിശോധനയില്‍ കണ്ടെത്തി. പരാതികളും അപേക്ഷകളും വച്ചുതാമസിപ്പിക്കുന്നതായും കൈക്കൂലി ലഭിച്ചശേഷം മാത്രം ഈ പരാതികളില്‍ തീര്‍പ്പുണ്ടാക്കുന്നതായും കണ്ടെത്തി.

600 ഓളം ഫയലുകളില്‍ ഏഴുമാസംമുതല് ഒരുവര്‍ഷംവരെ വൈകിപ്പിച്ചവയുമുണ്ട്. ജിയോളജിസ്റ്റിനെ കാണാന്‍ ക്യൂ നിന്നവരില്‍ ഒരാളുടെ പക്കല്‍ നിന്ന് ഫയല്‍ നമ്പർ രേഖപ്പെടുത്തിയ കവറില്‍നിന്ന് 5000 രൂപ പിടിച്ചെടുത്തു. ഇത് ജിയോളജിസ്റ്റിനുനല്കാന് കൊണ്ടുവന്നതാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഈ പണം ട്രഷറിയില്‍ അടയ്ക്കുമെന്ന് വിജിലന്‍സ് അധികൃതര്‍ പറഞ്ഞു.

ജിയോളജി ഓഫീസില്‍ ഏജന്റ് മുഖാന്തിരമാണ് ഇടപാടുകളെന്ന് പരിശോധനയില്‍ വ്യക്തമായി. കൈക്കൂലി വാങ്ങാനും അപേക്ഷകള്‍ തീര്‍പ്പാക്കാനും ഏജന്റ് തന്നെയാണ് മുന്‍കൈ എടുത്തിരുന്നത്. ഇന്‍സ്പെക്ടര്‍മാരായ കെ ആര് മനോജ്, സജു എസ് ദാസ്, എഎസ്ഐമാരായ സ്റ്റാന്‍ലി തോമസ്, ഡി ബിനു, ടി ഇ ഷാജി, സിവില്‍ പൊലീസ് ഓഫീസര്‍ അനൂപ്, വിജേഷ്, ടാക്സ് ഓഫീസര്‍ അരവിന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

