KOYILANDY DIARY

The Perfect News Portal

പൂക്കാട് കലാലയത്തിൽ മാമ്പഴക്കാല കളിയാട്ടത്തിന് തിരി തെളിഞ്ഞു

കൊയിലാണ്ടി> കേരളത്തിലെ ഏറ്റവും വലിയ അവധിക്കാല കൂട്ടായ്മയ്ക്ക് പൂക്കാട് കലാലയത്തിന് തിരി തെളിഞ്ഞു. തിരുവനന്തപുരം വൈലോപ്പിളളി സംസ്‌കൃതി ഭവന്റെ സഹകരണത്തോടെ നടത്തുന്ന പരിപാടി ആർട്ടിസ്റ്റ് സുജാതൻ ഉദ്ഘാടനം ചെയ്തു. കലാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കാവിൽ പി.മാധവൻ അദ്ധ്യക്ഷത വഹിച്ചു. വൈലോപ്പിളളി സംസ്‌കൃതി ഭവൻ സെക്രട്ടറി ബാലു കിരിയത്ത് മാമ്പഴക്കാലസന്ദേശം അവതരിപ്പിച്ചു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അനുഗ്രഹ പ്രഭാഷണം നടത്തി. കേരള സംഗീത നാടക അക്കാദമി പ്രഫഷണൽ നാടക മത്സരത്തിൽ അവാർഡ് ജേതാക്കളായ മനോജ് നാരായണനേയും, രമേശ് കാവിലിനേയും ചടങ്ങിൽ അനുമോദിച്ചു. കെ.ശ്രീനിവാസൻ അനുമോദന പ്രഭാഷണം നടത്തി. ബാലൻ കുനിയിൽ ഉപഹാര സമർപ്പണവും നടത്തി. ഏപ്രിൽ 6 മുതൽ 11 വരെ നടക്കുന്ന പരിപാടിയിൽ സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കും. കളിയും പാട്ടും, ആട്ടവും പഠനകൗതുകങ്ങളും നടന വിശേഷങ്ങളും സല്ലാപവും ചേർന്ന പ്രത്യേക പാഠ്യക്രമമാണ് കളിആട്ടത്തിന് ഒരുക്കിയിരിക്കുന്നത്. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, മുല്ലപ്പള്ളി രാമചന്ദ്രൻ എം. പി, കെ. ദാസൻ എം. എല്. എ. അനിൽ പനച്ചൂരാൻ, കെ. ജയകുമാർ, ജില്ലാ കലക്ടർ എൻ. പ്രശാന്ത്, പ്രൊ. ചന്ദ്രഹാസൻ, ഷിവു എസ്. കൊട്ടാരം കലാമണ്ഡലം ശിവദാസ്, പ്രേംകുമാർ, മജിഷ്യൻ പ്രദീപ് ഹുഡിനോ, കെ. ആർ. മോഹൻദാസ്, ടി. പി. രാജീവൻ, ആർട്ടിസ്റ്റ് ദേവപ്രകാശ്, സത്യചന്ദ്രൻ പൊയിൽകാവ് എന്നിവർ കേമ്പിൽ കുട്ടികളുമായി സംവദിക്കും. 11ന് കേമ്പിലെ കുട്ടികളൊരുക്കുന്ന 18ഓളം ലഘുനാടകങ്ങൾ അരങ്ങേറും. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും.