പുഴയിലേക്ക് ചാടിയ പെൺകുട്ടിയെ രണ്ട് പേർ സാഹസികമായി രക്ഷപ്പെടുത്തി

കൊയിലാണ്ടി: കഴിഞ്ഞ ദിവസം കോരപ്പുഴ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടിയെ ജീവൻ പണയം വെച്ച് സാഹസികമായി രക്ഷപ്പെടുത്തിയത് നാട്ടുകാരായ രണ്ടു പേർ. പുത്തൻപുരയിൽ സിദ്ദീഖ്, ചൂരപ്പിലാട്ടിൽ എ.രമേശ് ബാബു എന്നിവരാണ് ജീവൻ പണയപ്പെടുത്തി രക്ഷകരായി എത്തിയത്.
പെൺകുട്ടിയെ രക്ഷിക്കാൻ പയ്യോളി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ.മാരായ സി.പി.രാജൻ, കെ. ബിജു, കെ.ശശി എന്നിവരുടെ അവസരോചിതമായ ഇടപെടലും മത്സ്യത്തൊഴിലാളിയായ സിദ്ദീഖിന്റേയും മരപ്പണിക്കാരനായ രമേശിന്റേയും ധീരത കൊണ്ടു മാത്രം. ചൊവ്വാഴ്ച 3- മണിയോടെയായിരുന്നു സംഭവം.

പയ്യോളി സ്റ്റേഷനിൽ നിന്ന് പീഢനക്കേസിലെ പ്രതിയെ കോഴിക്കോട് സെഷൻസ് കോടതിയിലേക്ക് കൊണ്ടു പോകവെയാണ് പെൺകുട്ടി പാലത്തിൽ നിന്ന് ചാടാൻ തയ്യാറെടുക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ ജീപ്പ് നിർത്തി സി.പി.ഒ.മാരായ രാജനും ബിജുവും പുഴക്കരയിലേക്ക് കുതിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സിദ്ദീഖും രമേശനും മറ്റൊന്നും നോക്കാതെ ഫൈബർ വള്ളത്തിൽ പുഴയിലേക്ക് കുതിച്ചു. വേലിയേറ്റമായതിനാൽ ഒഴുക്കുള്ള പുഴയുടെ 150- മീറ്റർ അകലെ വെച്ച് പൊങ്ങിത്താഴുന്ന പെൺകുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തുകയുമായിരുന്നു. പെൺകുട്ടിക്ക് പൊലീസ് ജീപ്പിൽ വച്ച് പ്രാഥമിക ശുശ്രൂഷ നൽകുകയും ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

