പുളിയഞ്ചേരി പ്രദേശത്ത് പേവിഷ ബാധയേറ്റ് പശുക്കള്‍ ചാവുന്നു

കൊയിലാണ്ടി: നഗരസഭയിലെ പുളിയഞ്ചേരി പ്രദേശത്ത് പേവിഷ ബാധയേറ്റ് പശുക്കള്‍ ചാവുന്നു. അടുത്തടുത്തുള്ള മൂന്ന് വീടുകളിലായി മൂന്ന് പശുക്കളാണ് ചത്തത്. ഏറ്റവുമൊടുവില്‍ പൂണിച്ചേരി രാജന്റെ ഉടമസ്ഥതയിലുള്ള ഒന്‍പതുമാസം ഗര്‍ഭിണിയായ പശുവാണ് പേയിളകി ചത്തത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കുത്തിവെപ്പ് നടത്തി കൊല്ലുകയായിരുന്നു. പശുവിന് രോഗം വന്നാല്‍ വീട്ടുകാര്‍ക്കും കുത്തിവെപ്പ് നടത്തേണ്ടിവരുന്നത് ആളുകള്‍ക്ക് ദുരിതമാവുന്നു.
അരലക്ഷം രൂപവരെ വിലവരുന്ന പശുക്കളാണ് ചത്തൊടുങ്ങുന്നത്. പലരും ഇതോടെ പശുവളര്‍ത്തല്‍ ഉപേക്ഷിക്കുകയാണ്. പേവിഷത്തിനെതിരായ കുത്തിവെപ്പ് വര്‍ഷംതോറും എടുത്താല്‍ പശുക്കള്‍ക്ക് രോഗം വരുന്നത് ഒരുപരിധിവരെ തടയാനാവും. എന്നാല്‍ ഇതിനുള്ള ക്യാമ്പ് സംഘടിപ്പിക്കാനൊന്നും ഇതുവരെ കഴിഞ്ഞിട്ടില്ല. കൊയിലാണ്ടി ബസ്സ്റ്റാന്‍ഡിന് സമീപത്തുള്ള മൃഗാസ്പത്രിയില്‍ പശുക്കളെ എത്തിച്ച് കുത്തിവെപ്പുനടത്തുകയെന്നത് ഏറെ ശ്രമകരമാണ്. എപ്പോഴും വാഹനത്തിരക്കും ഗതാഗത സ്തംഭനവുമുണ്ടാവുന്ന സ്ഥലത്താണ് മൃഗാസ്പത്രി സ്ഥിതിചെയ്യുന്നത്. ഇവിടെയിപ്പോള്‍ സ്ഥിരമായൊരു ഡോക്ടറുമില്ല. പശുക്കള്‍ക്ക് പേവിഷബാധയുണ്ടാവുന്നത് പ്രധാനമായും കീരി, ഉടുമ്പ്, കുറുക്കന്‍, നായ എന്നിവയില്‍നിന്നാണ്. പലേടത്തും കൂടുതല്‍ ഭീഷണിയുള്ളത് കീരിയില്‍നിന്നും ഉടുമ്പില്‍ നിന്നുമാണ്.

