പുത്തലത്ത് നസീറുദ്ദീന്റെ കൊലപാതകം: രണ്ട് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി

കോഴിക്കോട്: യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന വേളം പുത്തലത്ത് നസീറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കപ്പച്ചേരി ബഷീര്‍, കൊല്ലിയില്‍ അന്ത്രു എന്നിവരാണ് കുറ്റക്കാര്‍. ഒന്നും രണ്ടും പ്രതികളാണിവര്‍. മൂന്നു മുതല്‍ ഏഴുവരെ പ്രതികളെ അഡീഷണല്‍ ജില്ലാ കോടതി വെറുതെ വിട്ടു. ശിക്ഷ പിന്നീട്. 2016 ജൂലൈ 15 നാണ് കൊലപാതകം.
കേസില്‍ ആകെ ഏഴ് പ്രതികളാണുള്ളത്. കേസിലെ ദൃക്‌സാക്ഷിയും നസീറുദ്ദീനൊപ്പം ബൈക്കിലുണ്ടായിരുന്ന ബന്ധുകൂടിയായ അബ്ദുല്‍ റഊഫ് ഉള്‍പ്പടെയുള്ള സാക്ഷികള്‍ മുഴുവന്‍ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. കേസില്‍ 83 സാക്ഷികളാണുള്ളത്. 2016 ജൂലൈ 15 നാണ് കേസിനാസ്പദമായ സംഭവം. വേളം പുത്തലത്ത് അനന്തോട്ട്താഴെ വച്ച് നസിറുദ്ദീനും ബന്ധുവായ അബ്ദുല്‍ റഊഫും ബൈക്കില്‍ സഞ്ചരിക്കവെയാണ് ബുള്ളറ്റ് ബൈക്കിലെത്തിയ പ്രതികള്‍ ഇരുവരെയും തടഞ്ഞു നിര്‍ത്തുകയും നസിറുദ്ദീനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. വടകര മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും തൊണ്ടി മുതലുകള്‍ ജില്ലാ കോടതിയില്‍ എത്തിച്ചതിന് ശേഷമായിരുന്നു സാക്ഷി വിസ്‌താരം നടന്നത്.

