പീഡനക്കേസിലെ പ്രതി സബ് ജയിലിൽ തൂങ്ങി മരിച്ചു

കോഴിക്കോട്: കോഴിക്കോട് സബ് ജയിലിൽ പീഡനക്കേസിലെ പ്രതി തൂങ്ങി മരിച്ചു. കുറ്റിയില്‍താഴം കരിമ്പൊയിലിൽ ബീരാൻകോയ (59) ആണ് തൂങ്ങി മരിച്ചത്. ബുധനാഴ്ച പുലർച്ചെ രണ്ടിനായിരുന്നു സംഭവം. ജയിലിലെ സെല്ലുകൾ പരിശോധന നടത്തുന്നതിനിടെ ജയില്‍ ജീവനക്കാരാണ് സംഭവം കണ്ടത്. ഉടന്‍ മെഡിക്കൽകോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പന്തീരാങ്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിടിയിലായ ബീരാൻകോയയെ ഞായറാഴ്ചയാണ് കോടതി റിമാൻഡ് ചെയ്തത്. കോവിഡ് പരിശോധനയിൽ നെഗറ്റീവായതിനെ തുടർന്ന് മറ്റുതടവുകാര്‍ക്കൊപ്പമായിരുന്നു താമസിപ്പിച്ചത്. ബീരാൻകോയയുടെ പെരുമാറ്റത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ലെന്ന് ജയിലധികൃതർ അറിയിച്ചു.

സഹതടവുകാരെല്ലാം ഉറങ്ങിയ സമയത്ത് തോർത്ത് ഉപയോഗിച്ച് സെല്ലിൻ്റെ ജനലിലെ കമ്പിയിൽ തൂങ്ങുകയായിരുന്നുവെന്ന് ജയലധിതൃർ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കസബ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ജയില്‍ വകുപ്പും അന്വേഷണം നടത്തും.

