KOYILANDY DIARY.COM

The Perfect News Portal

പി.യു. ചിത്രയ്ക്ക് പ്രതിമാസം പതിനായിരം രൂപ സ്കോളര്‍ഷിപ്പ് നല്‍കാന്‍ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായ അത്‌ലെറ്റ് പി.യു. ചിത്രയ്ക്ക് പ്രതിമാസം പതിനായിരം രൂപ സ്കോളര്‍ഷിപ്പ് നല്‍കാനും പരിശീലനത്തിനും ഭക്ഷണ ചെലവിനുമായി പ്രതിദിനം 500 രൂപ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കേരള സ്പോര്‍ട്സ് കൗണ്‍സില്‍ വഴിയാണ് തുക ലഭ്യമാക്കുക. ഡോ.എ.പി.ജെ അബ്ദുള്‍കലാം സ്കോളര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രതിമാസം പതിനായിരം രൂപ നല്‍കുക. പാലക്കാട് മുണ്ടൂര്‍ സ്വദേശിയായ ചിത്ര ഏഷ്യന്‍ അത്‌ലെറ്റിക്‍ മീറ്റില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്നു.
പ്രമുഖ ഇന്ത്യന്‍ ഫുട്ബോള്‍ താരം സി.കെ. വിനീതിന് സ്പോര്‍ട്സ് ക്വാട്ടയില്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന് സമാനമായ തസ്തികയില്‍ നിയമനം നല്‍കാന്‍ തീരുമാനിച്ചു. ഏജീസ് ഓഫീസില്‍ ഓഡിറ്ററായിരുന്ന വിനീതിനെ മതിയായ ഹാജരില്ലെന്ന കാരണം പറഞ്ഞ് ജോലിയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമനം നല്‍കുന്നത്.

സൈനിക ക്ഷേമത്തിന് പുതിയ വകുപ്പ്

പൊതുഭരണവകുപ്പിന്റെ കീഴില്‍ സൈനിക ക്ഷേമവുമായി ബന്ധപ്പെട്ട് കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ ഉള്‍പ്പെടുത്തി സൈനികക്ഷേമം എന്ന പുതിയ വകുപ്പ് രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.

പുതിയ തസ്തികകള്‍

  • 2014-15 അധ്യയന വര്‍ഷം പുതുതായി അനുവദിച്ച എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ 1810 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ടീച്ചര്‍ 649, ടീച്ചര്‍ ജൂനിയര്‍ 679, പ്രിന്‍സിപ്പല്‍ 125, അപ്ഗ്രഡേഷന്‍ 167, ലാബ് അസിസ്റ്റന്റ് 190 എന്നിങ്ങനെയാണ് തസ്തികകള്‍. 2014-15 വര്‍ഷം പുതിയ ബാച്ചുകളും സ്കൂളുകളും അനുവദിക്കുമ്പോള്‍ ദിവസ വേതനത്തില്‍ ജോലി ചെയ്തിരുന്ന അധ്യാപകര്‍ക്ക് സ്ഥിരം ഒഴിവിലേക്ക് പരിഗണിക്കപ്പെടുന്നതിന് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് നല്‍കാനും തീരുമാനിച്ചു.
  • പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ 85 അധിക തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
  • പെരിന്തല്‍മണ്ണ ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ബ്രെയിന്‍ ട്യൂമര്‍ ചികിത്സാ യൂണിറ്റ് സജ്ജമാക്കുന്നതിന് ഒരു മെഡിക്കല്‍ ഓഫീസര്‍ തസ്തിക സൃഷ്ടിക്കും.
  • 1999 ഓഗസ്റ്റ് 16നും 2003 ഡിസംബര്‍ 12നും ഇടയില്‍ എംപ്ലോയ്മെന്റ് എക്ചേഞ്ച് മുഖേന താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിക്കുകയും സേവന കാലയളവ് 2004 വര്‍ഷത്തേക്ക് നീളുകയും ചെയ്ത 104 അംഗപരിമിതര്‍ക്ക് സൂപ്പര്‍ന്യൂമററി തസ്തികകളില്‍ പുനര്‍നിയമനം നല്‍കാന്‍ തീരുമാനിച്ചു.

ജീവനാംശ തുകയ്ക്ക് 12 ശതമാനം പലിശ

കോടതിവിധി പ്രകാരമുളള ജീവനാംശ തുക മതിയായ കാരണങ്ങളില്ലാതെ കൊടുക്കാതിരിക്കുന്നവരില്‍നിന്നും 12 ശതമാനം പലിശ ഈടാക്കുന്നതിനുളള വ്യവസ്ഥ ഉള്‍ക്കൊളളിച്ച് ക്രിമിനല്‍ നടപടി ചട്ടം സെക്ഷന്‍ 125 ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു.

മറ്റ് തീരുമാനങ്ങള്‍

പരിവര്‍ത്തിത ക്രൈസ്തവര്‍ ഉള്‍പ്പെടെ എല്ലാവിഭാഗങ്ങളുടെയും ജാതി സര്‍ട്ടിഫിക്കറ്റിന്റെ സാധുതാ കാലയളവ് മൂന്ന് വര്‍ഷമായി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു.
ഹൈക്കോടതി സിംഗിള്‍ ജഡ്ജിയുടെ സാമ്പത്തിക അധികാര പരിധി ഒരു ലക്ഷം രൂപയില്‍നിന്ന് 40 ലക്ഷം രൂപയായി ഉയര്‍ത്താന്‍ കേരള ഹൈക്കോടതി നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു. വാഹനാപകട നഷ്ടപരിഹാര ട്രീബ്യൂണല്‍ പാസാക്കുന്ന ഏതു വിധിയിലും തുക മാനദണ്ഡമാക്കാതെ അപ്പീല്‍ കേള്‍ക്കുന്നതിന് സിംഗിള്‍ ജഡ്ജിക്ക് അധികാരം നല്‍കുന്ന ഭേദഗതിയും ഇതോടൊപ്പം കൊണ്ടുവരും. ഇതു സംബന്ധിച്ച കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പരിധിയില്‍പെടുന്ന കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് കളമശ്ശേരി മുനിസിപ്പാലിറ്റിയില്‍ തൃക്കാക്കര വില്ലേജില്‍ കൊച്ചി മെട്രോ പൊലീസ് സ്റ്റേഷന്‍ അനുവദിക്കാന്‍ തീരുമാനിച്ചു. ഇതിനാവശ്യമായ സ്ഥലം കെ.എം.ആര്‍.എല്‍ ലഭ്യമാക്കിയിട്ടുണ്ട്.
വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവ് കാരണം ഇടത് കൈമുട്ടിനു താഴെ മുറിച്ചുമാറ്റേണ്ടി വന്ന തൃശ്ശൂര്‍ അകമല തെക്കേപുറത്ത് വീട്ടില്‍ സബിതയ്ക്ക് രണ്ടു ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.
സര്‍വീസില്‍ നിന്നും വിരമിച്ച ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ നിരക്ക് 9.81 ആയി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ 8.19 ആണ് നിരക്ക്. 2006 ജനുവരി ഒന്നു മുതല്‍ ഇതിന് പ്രാബല്യമുണ്ടാകും.
പാലക്കാട് പെരിങ്ങന്നൂരില്‍ മേനകത്ത് വീട്ടില്‍ ഗിരീഷിന്റെ മക്കളായ അശ്വിന്‍ രാഘവ് (9), അഞ്ജന (7) എന്നിവരുടെ വിദ്യാഭ്യാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് മൂന്ന് ലക്ഷം രൂപ അനുവദിച്ചു. ഗിരീഷ് കൊല്ലപ്പെടുകയും തുടര്‍ന്നുണ്ടായ മാനസികാഘാതത്തില്‍ ഭാര്യ ജിഷ ആത്മഹത്യ ചെയ്യുകയുമായിരുന്നു. നിരാലംബരായ മക്കള്‍ ഇപ്പോള്‍ ഗിരീഷിന്റെ സഹോദരന്‍ സന്തോഷിന്റെ സംരക്ഷണത്തിലാണ്. സഹകരണ ബാങ്കിലുളള വായ്പ കുടിശ്ശിക തീര്‍പ്പാക്കി വീട് കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിന് വായ്പയുടെ മുതല്‍ സര്‍ക്കാര്‍ അടക്കും. പിഴയും പലിശയും ഒഴിവാക്കാന്‍ സഹകരണ ബാങ്കിന് സഹകരണ വകുപ്പ് മുഖേന നിര്‍ദ്ദേശം നല്‍കും.
ഓണാഘോഷത്തിന്റെ ഭാഗമായി സെപ്തംബര്‍ 3 മുതല്‍ 9 വരെ തിരുവനന്തപുരം കവടിയാര്‍ മുതല്‍ മണക്കാട് വരെയുളള പ്രദേശത്തെ ഉത്സവ മേഖലയായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു. സമാപന ഘോഷയാത്രയില്‍ നിശ്ചല ദൃശ്യങ്ങള്‍ അവതരിപ്പിക്കുന്നതിന് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ തലവന്‍മാര്‍ക്ക് പരമാവധി 4 ലക്ഷം രൂപ വരെ ചെലവഴിക്കാന്‍ അനുമതി നല്‍കും.
ലേബര്‍ കമ്മീഷണര്‍ കെ. ബിജുവിനെ റവന്യൂ വകുപ്പില്‍ അഡീഷല്‍ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. വിവിധ പദ്ധതികളുടെ സ്ഥലമെടുപ്പിന്റെ ചുമതലയായിരിക്കും ബിജുവിന്. ലേബര്‍ കമ്മീഷണറുടെ അധിക ചുമതലയും അദ്ദേഹത്തിനുണ്ടാകും.
Share news

Leave a Reply

Your email address will not be published. Required fields are marked *