KOYILANDY DIARY.COM

The Perfect News Portal

പി മോഹനന്‍ മാസ്റ്ററെ വധിക്കാന്‍ ആര്‍എസ്‌എസുകാര്‍ നടത്തിയത് വന്‍ ഗൂഢാലോചന

കോഴിക്കോട്: സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്ററെ വധിക്കാന്‍ ആര്‍എസ്‌എസുകാര്‍ നടത്തിയത് വന്‍ ഗൂഢാലോചന.

പരിശീലനം നേടിയ കാര്യവാഹുമാരെ പ്രത്യേകം ചുമതലപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയത്. ജില്ലയിലെ സിപിഐഎമ്മിന്റെ അമരക്കാരനെ വധിച്ച്‌ നാട്ടില്‍ സംഘര്‍ഷവും കലാപവും വളര്‍ത്തി മുതലെടുപ്പ് നടത്താനുള്ള ആര്‍എസ്‌എസ്-ബിജെപി നേതൃത്വത്തിന്റെ പദ്ധതിയാണ് പ്രതികളെ പിടികൂടിയതിലൂടെ പുറത്തായത്.

ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ കഴിഞ്ഞവര്‍ഷം കേരളത്തില്‍ അഞ്ചുദിവസം ക്യാമ്ബ് ചെയ്താണ് സിപിഐഎം നേതാക്കള്‍ക്കും ഓഫീസുകള്‍ക്കും എതിരായ അക്രമത്തിന് വിത്ത് പാകിയത്. സിപിഐഎമ്മിനെ പ്രകോപിപ്പിച്ച്‌ കലാപം വളര്‍ത്തി നേട്ടമുണ്ടാക്കാനായിരുന്നു അമിത് ഷായുടെ നിര്‍ദേശം.

Advertisements

ഇതിന്റെ ഭാഗമായാണ് ജില്ലയിലെ ആക്രമണങ്ങള്‍ക്ക് ആര്‍എസ്‌എസ്- ബിജെപി നേതൃത്വം മൂര്‍ച്ചകൂട്ടിയത്. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞവര്‍ഷം ജൂണില്‍ അടുത്തടുത്തായി നടത്തിയ അക്രമ പരമ്ബരകള്‍ക്കിടെയാണ് സിപിഐഎം ജില്ലാ സെക്രട്ടറിക്കുനേരെയുണ്ടായ വധശ്രമം.

സിപിഐഎം ഫറോക്ക് ഏരിയാ കമ്മിറ്റി ഓഫീസ്, വടകര ഏരിയാ കമ്മിറ്റി ഓഫീസ്, പഴങ്കാവിലെ എം ദാസന്‍ സ്മാരക വായനശാല എന്നിവയ്ക്കുനേരെയായിരുന്നു ആദ്യം ആക്രമണം.

ഫറോക്ക് ഏരിയാ കമ്മിറ്റി ഓഫീസ് ആക്രമിച്ചതറിഞ്ഞ് രാത്രി കുന്നുമ്മലിലെ വീട്ടില്‍നിന്ന് പി മോഹനന്‍ ജില്ലാ കമ്മിറ്റി ഓഫീസായ സി എച്ച്‌ കണാരന്‍ സ്മാരകത്തില്‍ എത്തിയപ്പോഴാണ് ആര്‍എസ്‌എസുകാര്‍ ബോംബെറിഞ്ഞത്.

മോഹനന്‍ വരുന്ന വിവരം ഫോണിലൂടെ ആര്‍എസ്‌എസ് കാര്യവാഹുമാരെ അറിയിച്ചു എന്നാണ് വിവരം. ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കടക്കുന്നതിനിടെ ഇടവഴിയിലൂടെ കുതിച്ചെത്തിയ അക്രമികള്‍ ബോംബെറിയുകയായിരുന്നു.

ഓഫീസിന് സമീപത്തെ മില്‍മ ബൂത്തില്‍ നാലഞ്ചുപേര്‍ പതുങ്ങിനില്‍ക്കുന്നത് കണ്ടിരുന്നുവെന്ന് മോഹനന്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അത് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ അറസ്റ്റ്. ആര്‍എസ്‌എസ്- ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിനുപിന്നിലെന്ന് സിപിഐഎം അന്നേ വ്യക്തമാക്കിയിരുന്നു.

സ്റ്റീല്‍ ബോംബാണ് ആക്രമണത്തിനുപയോഗിച്ചത്. പൊട്ടാത്ത ബോംബും ഓഫീസ് വളപ്പില്‍നിന്ന് അന്ന് കണ്ടെത്തിയിരുന്നു. പൊട്ടിയ ബോംബിന്റെ അവശിഷ്ടങ്ങളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി.

തുടര്‍ന്ന് നടത്തിയ പഴുതടച്ച അന്വേഷണമാണ് ആര്‍എസ്‌എസ് അക്രമികളെ പിടികൂടുന്നതിലേക്ക് നയിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *