പിഷാരികാവ് ക്ഷേത്ര കളിയാട്ട മഹോത്സവ ആഘോഷ കമ്മറ്റിയിൽ നിന്ന് CPI(M)ന് ഊരുവിലക്ക്

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കളിയാട്ട മഹോത്സവ ആഘോഷ കമ്മിറ്റിയിൽ നിന്ന് CPI(M)ന് ഊരുവിലക്ക്. ഉത്സവാഘോഷത്തിന്റെ ഭാഗമായി വിളിച്ചു ചേർത്ത ആഘോഷ കമ്മിറ്റി രൂപീകരണ യോഗമാണ് ഇത്തവണ സിപിഐ(എം)നെ ഉൾപ്പെടുത്താതെ ഈർക്കിൾ പാർട്ടികളെയും മറ്റ് സംഘടനകളെയും ഉൾപ്പെടുത്തി വിപുലമായ യോഗം ചേർന്നത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്. കൊയിലാണ്ടിയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയെ കത്ത് നൽകി ക്ഷണിക്കാതെ പ്രദേശത്തെ റസിഡൻസ് അസോസിയേഷനുകൾക്കും മറ്റ് സംഘടനകൾക്കും നേരിട്ട് കത്ത് നൽകി ക്ഷണിച്ചത് മനപൂർവ്വമാണെന്നാണ് പ്രാദേശിക സിപിഐ(എം) നേതാക്കൾ പറയുന്നത്. കാലാകാലങ്ങളായി നടക്കുന്ന ഉത്സവാഘോഷങ്ങൾ സംഘർഷങ്ങളില്ലാതെ സാമാധാനപരമായി നടത്താൻ വലിയ പങ്ക് വഹിക്കുന്ന പാർട്ടിയാണ് സിപിഐ(എം).

അത് സഹിക്കാത്ത ചിലരാണ് ഇപ്പോൾ പ്രകോപിപ്പിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതെന്ന് പരക്കെ ആക്ഷേപം ഉയർന്നിരിക്കുകയാണ്. നിലവിലെ ട്രസ്റ്റി ബോർഡ് അംഗങ്ങളുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് പുതിയ വിവാദങ്ങൾ പൊട്ടിപുറപ്പെട്ടത്. ദേവസ്വം ബോർഡിലെ ചിലരുടെ ഒത്താശയും ചില പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ ഗൂഡാലോചനയുമാണ് സിപിഐ(എം)ന് ഊരു വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിന് പിന്നിലെന്ന് പരാതി ഉയർന്നിരിക്കുകയാണ്.


