പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് ഭക്തി സാന്ദ്രമായ പരിസമാപ്തി

കൊയിലാണ്ടി: ഉത്തര മലമ്പാറിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് ഭക്തി സാന്ദ്രമായ പരിസമാപ്തി. കാളിയാട്ട ദിവസമായ ഇന്നലെ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തി ചേർന്നത്. അപൂർവ്വമായ ആചാര വൈവിധ്യങ്ങളുടെ ഭക്തി നിർഭരമായ ചടങ്ങ് കാഴ്ചകൾ ശ്രദ്ധേയമായി.
വൈകുന്നേരം കൊല്ലത്ത് അരയന്റെയും, വേട്ടുവരുടെയും തണ്ടാന്റെയും അവകാശ വരവുകൾ, മറ്റ് അവകാശവരവുകൾ തുടങ്ങിയവ ക്ഷേത്രസന്നിധിയിൽ എത്തിചേർന്നതോടെ പുറത്തെഴുന്നള്ളിപ്പ് പാലച്ചുവട്ടിലേക്ക് നീങ്ങി. കാഞ്ഞിലിശ്ശേരി വിനോദ് മാരാരുടെ നേതൃത്വത്തിൽ വിദഗ്ദരായ മേളക്കാരുടെ പാണ്ടിമേളത്തിനു ശേഷം കിഴക്കെ നടയിലൂടെ ഊരുചുറ്റാനിറങ്ങി നിശ്ചയിച്ച സ്ഥലങ്ങളിലൂടെ നീങ്ങി ക്ഷേത്രത്തിലെത്തി ചേർന്നു. രാത്രി 12 മണിയോടെ വാളകം കൂടി. തുടർന്ന് കരിമരുന്ന് പ്രയോഗവും നടന്നു.

