പിതൃസഹോദരന്‍ പുഴയിലേക്കെറിഞ്ഞ് കൊലപ്പെടുത്തിയ മുഹമ്മദ് ഷഹീന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം: മേലാറ്റൂരില്‍ പിതൃസഹോദരന്‍ പുഴയിലേക്കെറിഞ്ഞ് കൊലപ്പെടുത്തിയ നാലാം തരം വിദ്യാര്‍ഥി മുഹമ്മദ് ഷഹീന്റെ മൃതദേഹം കണ്ടെത്തി. പടിഞ്ഞാറ്റ മുറിയിലെ പുഴയോരത്തെ മുളങ്കുട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ആനക്കയം പാലത്തില്‍ നിന്നും പിതൃസഹോദരന്‍ കടലുണ്ടി പുഴയിലെറിഞ്ഞ ഒന്‍പത് വയസ്സുകാരന്‍ മേലാറ്റൂര്‍ എടയാറ്റൂരില്‍ മുഹമ്മദ് ഷഹീന്റെ മൃതദേഹമാണ് പടിഞ്ഞാറ്റ മുറിയില്‍ പുഴയോരത്തെ മുളങ്കുട്ടത്തില്‍ നിന്നും കണ്ടെത്തിയത്. ആഗസ്ത് 13 നാണ് എടയാറ്റൂര്‍ ഡിഎന്‍എം എയുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് ഷഹീനെ കാണാതാവുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി പിതൃസഹോദരന്‍ മങ്കര തൊടി മുഹമ്മദ് കുട്ടിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തി എന്ന് കണ്ടെത്തിയത്.

കുട്ടിയെ ആനക്കയം പാലത്തില്‍നിന്ന് പുഴയിലേക്ക് എറിഞ്ഞെന്നും മുങ്ങി താഴുന്നത് വരെ നോക്കിനിന്ന് മരണം ഉറപ്പാക്കിയാണ് തിരിച്ച് പോയതെന്നും പ്രതി നേരത്തെ തന്നെ പൊലീസിനോട് സമ്മതിച്ചിരുന്നു. ഇയാള്‍ക്കൊപ്പം കുട്ടി ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതാണ് കേസില്‍ വഴിതിരിവായത്. പ്രതി മുഹമ്മദ് റിമാന്‍ഡിലാണ്.

മങ്കരത്തൊടി അബ്ദുള്‍ സലീം, ഹസീന ദമ്ബതികളുടെ മകനാണ് മുഹമ്മദ് ഷഹീന്‍. പിതാവ് സലീമിന്റെ കൈവശം മൂന്ന് കിലോയോളം സ്വര്‍ണ്ണം ഉണ്ടെന്ന ധാരണയിലാണ് കൊലപാതകം നടത്തിയതെന്നും പ്രതി മൊഴി നല്‍കിയിരുന്നു. കുട്ടിയെ തട്ടികൊണ്ടു പോയി തടങ്കിലാക്കി സ്വര്‍ണ്ണം കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. കുട്ടിയെ കണ്ടെത്താന്‍ പൊലീസും, ഫയര്‍ ഫോഴ്‌സും, ട്രോമകെയര്‍ വളണ്ടിയര്‍മാരുടെ സഹായത്തോടെ പുഴയില്‍ തെരച്ചില്‍ നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

