പിണറായി സർക്കാറിന്റെ ആദ്യ ബജറ്റിൽ കൊയിലാണ്ടിയ്ക്ക് നൂറുമേനി

കൊയിലാണ്ടി: പിണറായി സർക്കാറിന്റെ ആദ്യ ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ 100 കോടിയിൽപരം രൂപയുടെ വികസനമാണ് പ്രഖ്യാപിച്ചത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിൽ സൂചിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട് വാഗ്ദാനങ്ങൾ എണ്ണിയെണ്ണി അവതരിപ്പിക്കാൻ കഴിഞ്ഞത് വലിയ നേട്ടം തന്നെ. സമീപകാല ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയേറെ വികസന പ്രവർത്തനങ്ങൾ കൊയിലാണ്ടിയിലേക്ക് കടന്നുവന്നത്. നാടിന്റെ മുഖഛായതന്നെ മാറ്റുന്ന പദ്ധതികളാണ് മുൻ നിരയിലുളളത്. കൊയിലാണ്ടിക്കാരുടെ ചിരകാല സ്വപ്നമായ ഫയര്സ്റ്റേഷൻ, മൂരാട് പാലം പുതുക്കി പണിയാൻ 50 കോടി, അകലാപ്പുഴ പാലത്തിന് 10കോടി, പയ്യോളി പേരാമ്പ്ര റോഡിന് 25 കോടി, കോരപ്പുഴ പാലത്തിന് 7 കോടി, ഒള്ളുർകടവ് പാലം, പൂക്കാട് സബ് റജിസ്ട്രാർ ഓഫീസ് കെട്ടിടം, ഹാർബർ, ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയവക്കാണ് പ്രധാനമായും ഫണ്ട് അനുവദിച്ചത്. പുറമെ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ശുദ്ധജലപദ്ധതികൽ നടപ്പാക്കും.
നഗരസഭയിലും തൊട്ടടുത്ത പഞ്ചായത്തുകളിലും ജലസേചന പദ്ധതികൾക്ക് ഫണ്ട് അനുവദിച്ചത് ഏറെ ആഹ്ലാദത്തോടെയാണ് നാട്ടുകാർ കാണുന്നത്. അഞ്ച് ഫയര്സ്റ്റേഷനുകളാണ് പ്രഖ്യാപിച്ചത്. കൊയിലാണ്ടി, അരൂർ, കൊങ്ങാട,് തിരുവനന്തപുരം സെക്രട്ടറിയേറ്റ്, പത്മനാഭസ്വാമി ക്ഷേത്രം എന്നിവടങ്ങളിലാണ് അവ.കഴിഞ്ഞ യു.ഡി.എഫ്. സർക്കാറിന്റെ കാലത്ത് 21ാം സ്ഥാനത്തായിരുന്ന കൊയിലാണ്ടി. നഗരസഭ മണമലിൽ ഹോമിയോ ആശുപത്രി കോമ്പൗണ്ടിൽ 20 സെന്റ് സ്ഥലം ഫയര്സ്റ്റേഷനുവേണ്ടി അനുവദിച്ചിരുന്നു. അവിടെയായിരിക്കും സ്ഥിരം സ്റ്റേഷൻ സ്ഥാപിക്കുകയെന്ന് അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. റോഡ് സൗകര്യം വീതികൂട്ടി വർപ്പിക്കേണ്ടതുണ്ട്. അതുവരെ താത്കാലികമായി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ അഞ്ചു മുറികൾ ഈ ആവശ്യത്തിന് വാടകക്ക് എടുക്കുമെന്നാണ് അറിയുന്നത്.

പതിവായി തീപിടിത്തമുണ്ടാകുന്ന കൊയിലാണ്ടിയിൽ കോടികളുടെ സമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. ഫയർ സ്റ്റേഷൻ സ്ഥാപിതമായാൽ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകും. കഴിഞ്ഞ ഇടതു മുന്നണി സർക്കാർ തുടക്കം കുറിച്ച കൊയിലാണ്ടി ഹാർബറിന്റെ നിർമാണത്തിന് ഫണ്ട് അനുവദിച്ചത് മേഖലയിൽ ആഹ്ലാദത്തിന്റെ തിരയടി ഉയർത്തി. 2006-ൽ ഡിസംബർ17ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ ശിലയിട്ട പദ്ധതി കഴിഞ്ഞ യു.ഡി.എഫ്.സർക്കാറിന്റെ കാലത്ത് നിർജീവമായി.തുടക്കത്തിൽ വളരെവേഗം മുന്നോട്ട്പോയ പ്രവൃത്തി പിന്നീട് നിശ്ചലമായി. ഇടതു സർക്കാർ വീണ്ടും വന്നപ്പോൾ ജീവൻ വെച്ചു.34.5കോടിയിലായിരുന്നു തുടക്കം. ഇപ്പോൾ അത് 63.9 കോടിയായി വർദ്ധിച്ചു. രണ്ടു പുലിമുട്ടുകളുടെ പണി പൂർത്തിയായി. ജെട്ടി നിർമാണം നടക്കുകയാണ്.കാൻന്റീൻ, ലേലപ്പുര, എയ്ഡ്പോസ്റ്റ്, റോഡ് തുടങ്ങിയവ പൂർത്തിയാകാനുണ്ട്. കൊയിലാണ്ടിയ്ക്ക് പുറമെ ആർത്തുങ്കൽ, വെള്ളായി, പാനൂർ, മഞ്ചേശ്വരം എന്നീ തുറമുഖങ്ങളുടെ പ്രവൃത്തിക്ക് 26 കോടിയാണ് അനുവദിച്ചത്. ഹാർബർ യാഥാർഥ്യമായാൽ വാണിജ്യമേഖലയിൽ കൊയിലാണ്ടിക്ക് വൻ മുന്നേറ്റം നടത്താൻ കഴിയും.

