KOYILANDY DIARY

The Perfect News Portal

പിക് അപ് വാന്‍ കായലില്‍ വീണ് അഞ്ചുപേരെ കാണാതായി

കൊച്ചി > ദേശീയപാത 47ല്‍ കുമ്പളം-അരൂര്‍ പാലത്തില്‍നിന്ന് പിക് അപ് വാന്‍ കായലില്‍ വീണ് അഞ്ചുപേരെ കാണാതായി.  ബോള്‍ഗാട്ടിയില്‍നിന്ന് ചേര്‍ത്തല പാണാവള്ളിയിലേക്ക് പന്തല്‍പ്പണിക്കാരുമായി പോകുകയായിരുന്നു ബൊലീറോ പിക് അപ് വാന്‍. വൈകിട്ട് 6.30നാണ് അപകടം. വാഹനത്തില്‍ ഡ്രൈവര്‍ അരൂക്കുറ്റി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കുമ്മനികര്‍ത്ത് പാണാവള്ളി സ്വദേശി റിജാസ് (35) അടക്കം ഒമ്പതുപേര്‍ ഉണ്ടായിരുന്നു. മറ്റുള്ളവരെല്ലാം നേപ്പാള്‍ സ്വദേശികളാണ്. രക്ഷപ്പെട്ട നാലുപേരില്‍ മൂന്നുപേരെ ലേക്ഷോര്‍ ആശുപത്രിയിലും ഒരാളെ അരൂര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രിതന്നെ തെരച്ചില്‍ തുടങ്ങിയെങ്കിലും ഇരുട്ടും ശക്തിയായ വേലിയിറക്കവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാണ്. നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും സേവനം ആവശ്യപ്പെട്ടിട്ടുണ്ട്.

നല്ല വേഗത്തിലായിരുന്ന വണ്ടി ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ പാലത്തിന്റെ പടിഞ്ഞാറെ കൈവരി തകര്‍ത്ത് കൈതപ്പുഴ കായലില്‍ പതിക്കുകയായിരുന്നു. ലോറിയുടെ പിന്നില്‍ ഇടിച്ചതായും പറയപ്പെടുന്നു. തൊഴിലാളികള്‍ വാനിന്റെ പിന്നില്‍ ഇരിക്കുകയായിരുന്നു.

ഇടപ്പള്ളി ചിത്തിര ഡെക്കറേഷന്‍സ് പന്തല്‍നിര്‍മാണ സ്ഥാപനത്തിലെ തൊഴിലാളികളാണ്. എറണാകുളം ബോള്‍ഗാട്ടിയില്‍നിന്ന് പന്തല്‍പ്പണി കഴിഞ്ഞ് പാണാവള്ളി മാനാംകുറിച്ചി പള്ളിക്കുസമീപമുള്ള ഗോഡൌണിലേക്ക് പണിസാധനങ്ങളുമായി പോകുമ്പോഴായിരുന്നു അപകടം. ഇവിടെയാണ് പണിക്കാരുടെ  താമസസ്ഥലം. ഒരുവര്‍ഷം മുമ്പാണ് ഇവിടെ ഗോഡൌണ്‍ സ്ഥാപിച്ചത്.
നീന്താനറിയുന്നവരാണ് രക്ഷപ്പെട്ട നാലുപേരും. ഒഴുക്കില്‍പ്പെട്ട ഇവരെ കായലില്‍ മീന്‍പിടിക്കുകയായിരുന്ന അരൂര്‍ സ്വദേശികളായ മത്സ്യത്തൊഴിലാളികളാണ് രക്ഷിച്ചത്. സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് സംഭവമറിഞ്ഞ് ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു.  എം സ്വരാജ് എംഎല്‍എ, സി ബി  ചന്ദ്രബാബു, അരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രത്നമ്മ,  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദെലീമ,  കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ജോര്‍ജ്, പ്രതിപക്ഷനേതാവ് ഹരിദാസ് തുടങ്ങി നിരവധി പേര്‍ സ്ഥലത്തെത്തി. കുമ്പളം പാലത്തില്‍ ജനങ്ങളും പൊലീസ്സേനയും കേന്ദ്രീകരിച്ചതോടെ ഗതാഗതവും തടസ്സപ്പെട്ടു. മത്സ്യത്തൊഴിലാളികളും ഫയര്‍ഫോഴ്സും രാത്രിയിലും തെരച്ചില്‍ തുടരുകയാണ്.

Advertisements

 

Leave a Reply

Your email address will not be published. Required fields are marked *