പാലാരിവട്ടം മേല്‍പ്പാലം അഴിമതി: വിവിധ യൂണിയനുകളുടെ നേതൃത്വത്തില്‍ സമരപരിപാടികള്‍ സംഘടിപ്പിക്കും

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണ അഴിമതിക്കെതിരെ എല്‍ഡിഎഫ‌് നടത്തുന്ന സത്യഗ്രഹത്തിന‌് സിഐടിയു ജില്ലാ കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. 22 മുതല്‍ 26 വരെ ജില്ലയിലെ വിവിധ യൂണിയനുകളുടെ നേതൃത്വത്തില്‍ മേല്‍പ്പാലത്തില്‍ സമരപരിപാടികള്‍ സംഘടിപ്പിക്കും. സത്യഗ്രഹത്തില്‍ പങ്കുചേരും.
22ന് രാവിലെ 10ന‌് എറണാകുളം ജില്ലാ കെട്ടിട നിര്‍മാണ തൊഴിലാളി യൂണിയനും 23ന് കെഎസ്‌ഇബി വര്‍ക്കേഴ്സ് അസോസിയേഷനും കെഎസ്‌ആര്‍ടിഇഎ, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയനും സമരത്തില്‍ പങ്കെടുക്കും. 24ന് ജില്ലാ ചുമട്ടുതൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ പ്രതീകാത്മകമായി പാലം പൊളിക്കും. 25ന് കൊച്ചിന്‍ ഷിപ‌്‌യാര്‍ഡ് വര്‍ക്കേഴ്സ് യൂണിയനും 26ന് അമ്ബലമേട് ജനറല്‍ കണ്‍സ്ട്രക‌്ഷന്‍ വര്‍ക്കേഴ്സ് യൂണിയനും സമരത്തില്‍ അണിനിരക്കും.

കേന്ദ്ര ഉപരിതല ഗതാഗതവകുപ്പും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും നടത്തേണ്ട ജോലി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതുവഴി കോടിക്കണക്കിന് രൂപയുടെ അധികബാധ്യതയുടെ ഉത്തരവാദിത്തം അന്നത്തെ മന്ത്രി ഇബ്രാഹിംകുഞ്ഞിനാണെന്ന‌് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. പാലത്തിന്റെ മൂന്നില്‍ ഒരുഭാഗം പൊളിച്ചുപണിയുന്നതിന് 18.5 കോടി രൂപ അധികമായി കണ്ടെത്തണം. ഈ തുക ഇബ്രാഹിംകുഞ്ഞില്‍നിന്ന‌് ഈടാക്കണം. ഇബ്രാഹിംകുഞ്ഞിന്റെയും ബന്ധുക്കളുടെയും സ്വത്ത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന‌് സിഐടിയു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. – തുടര്‍സമരങ്ങളിലും 18, 19 തീയതികളില്‍ എല്‍ഡിഎഫ‌് നേതൃത്വത്തിലുള്ള ലോങ‌് മാര്‍ച്ചിലും ജില്ലയിലെ മുഴുവന്‍ തൊഴിലാളികളും പങ്കെടുക്കണമെന്ന‌് ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു.

