പാലക്കാട് രാസവസ്തുക്കള്‍ ചേര്‍ത്ത 5500 ലിറ്റര്‍ പാല്‍ പിടികൂടി

പാലക്കാട്: ഓണവിപണി ലക്ഷ്യമിട്ടെത്തിയ നിരോധിത രാസവസ്തുക്കള്‍ ചേര്‍ത്ത പാല്‍ പിടികൂടി. ഇതോടെ രാസവസ്തുക്കള്‍ ചേര്‍ത്ത 5500 ലിറ്റര്‍ പാലും വാഹനവും തമിഴ്നാട്ടിലേക്ക് തിരിച്ചയച്ചു. പാലക്കാട് മീനാക്ഷിപുരം ചെക്കുപോസ്റ്റിലാണ് മായം കലര്‍ത്തിയ പാല്‍ പിടികൂടിയത്.
തുടര്‍ന്ന് മീനാക്ഷിപുരത്തെ ക്ഷീര വികസന വകുപ്പിന്റെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ തമിഴ്നാട്ടില്‍ നിന്നെത്തിച്ച പാലില്‍ നിരോധിത രാസവസ്തുക്കള്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ദിണ്ഡിഗലിലുള്ള എആര്‍ ഡയറി പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നാണ് കേരളത്തിലേക്ക് പാല്‍ കൊണ്ടു വന്നത്. മലബാര്‍ മില്‍ക്കെന്ന പേരില്‍ വില്‍പനക്കെത്തിച്ച പാക്കറ്റ് പാലിന്റെ ടോണ്‍ഡ് മില്‍ക്കിലും ഡബിള്‍ ടോണ്‍ഡ് മില്‍ക്കിലും കാര്‍ബേണേറ്റും, ഹൈഡ്രജന്‍ പെറോക്സൈഡും അടങ്ങിയതായി ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. പാലിന്റെ അസിഡിറ്റി കുറക്കാനും കേട് വരാതിരിക്കാനും ഉപയോഗിക്കുന്ന ഈ രണ്ട് രാസവസ്തുക്കളും കലര്‍ന്ന ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.

