KOYILANDY DIARY

The Perfect News Portal

പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളേജ് നാല് എസ്‌എഫ്‌ഐ നേതാക്കളെ സസ്പെന്‍ഡ് ചെയ്തു

തൃശൂര്‍:  പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളേജ് നാല് എസ്‌എഫ്‌ഐ നേതാക്കളെ സസ്പെന്‍ഡ് ചെയ്തു. മാനേജ്‌മെന്റിന്റെ പീഡനത്തെ തുടര്‍ന്ന് ജിഷ്‌‌ണു പ്രണോയ് എന്ന വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചതിന് പ്രതികാരമായാണ് മാനേജ്‌മെന്റിന്റെ നടപടി. എഫ്‌എഫ്‌‌ഐ യൂണിറ്റ് സെക്രട്ടറി അതുല്‍ ജോസ്, ജോയിന്റ് സെക്രട്ടറി നിഖില്‍ ആന്റണി, എക്സിക്യൂട്ടിവ് അംഗങ്ങളായ ആഷിഖ്, സുജേഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കോളേജിന്റെ സല്‍പേരിന് കളങ്കം വരുത്തി എന്നാരോപിച്ചാണ് നടപടി. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ കോളേജ് ഉപരോധിക്കുകയാണ്.

ഇന്ന് ക്ളാസില്‍ കയറാനെത്തിയ ഇവരോട് ക്ളാസില്‍ പ്രവേശിക്കേണ്ടതില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. നാല് വിദ്യാര്‍ത്ഥികളെയും സസ്പെന്‍ഡ് ചെയ്തതായും സൂചനയുണ്ട്.എന്നാല്‍ സസ്പെന്‍ഷന്‍ കടലാസ് കൊടുത്തിട്ടില്ല. കഴിഞ്ഞ ദിവസം കോളേജ് തുറക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ച് ചേര്‍ത്ത യോഗത്തിലും ഈ നാല് വിദ്യാര്‍ത്ഥികളെയും ഇവരുടെ രക്ഷിതാക്കളെയും മാനേജ്മെന്റ് ഉള്‍പ്പെടുത്തിയിരുന്നില്ല.

പരീക്ഷയില്‍ കോപ്പിയടിച്ചുവെന്നാരോപിച്ചാണ് ജിഷ്‌ണു‌ പ്രണോയിയെ ഇടിമുറിയില്‍ കയറ്റി മാനസികവും ശാരീരികവുമായി പീഡിപ്പിച്ചത്. ഇതെ തുടര്‍ന്നാണ് ജിഷ്ണു ആത്മഹത്യ ചെയതത്. മാനേജ്മെന്റിന്റെ ആരോപണം കളവാണെന്ന് സര്‍വ്വകലാശാല സമതി കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.  ജിഷ്‌ണുവിന്റെ മരണത്തെ തുടര്‍ന്ന് വിദ്യാര്‍ഥി പീഡനത്തിന്റെ നിരവധി വാര്‍ത്തകളാണ് കോളേജില്‍നിന്നും പുറത്ത് വന്നത് .കോളേജിനെതിരെ വന്‍ പ്രതിഷേധമാണ് എസ്എഫ്ഐ നടത്തിയത്.

Advertisements

 

Leave a Reply

Your email address will not be published. Required fields are marked *