പാനമയില്‍ അനധികൃത നിക്ഷേപമുള്ള അമിതാഭ് ബച്ചനും ഐശ്വര്യ റായിയും ഉള്‍പ്പെടെ 200 ഓളം ഇന്ത്യക്കാര്‍ക്ക് പ്രത്യേക അന്വേഷണസംഘം നോട്ടിസയച്ചു

ഡല്‍ഹി : പാനമയില്‍ അനധികൃത നിക്ഷേപമുള്ള ഇന്ത്യക്കാര്‍ക്ക് പ്രത്യേക അന്വേഷണസംഘം നോട്ടിസയച്ചു. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും ഐശ്വര്യ റായിയും ഉള്‍പ്പെടെ 200 ഓളം ഇന്ത്യക്കാര്‍ക്കാണ് നോട്ടിസ് നല്‍കിയത്.
പ്രത്യേക അന്വേഷണം സംഘം നോട്ടിസിനൊപ്പം രണ്ട് വിശദമായ ചോദ്യാവലികള്‍ നല്‍കിയിട്ടുണ്ട്. ആദ്യത്തേതിന് മൂന്ന് ദിവസത്തിനകം മറുപടി നല്‍കണം. രണ്ടാമത്തെ ചോദ്യാവലിക്ക് 20 ദിവസത്തിനകം മറുപടി നല്‍കിയാല്‍ മതിയാകും. ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് 15 ദിവസത്തനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി.

യുഎസ് ആസ്ഥാനമായ അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐസിഐജെയും നൂറിലേറെ മാധ്യമസ്ഥാപനങ്ങളും ചേര്‍ന്നാണു പാനമയിലെ നിയമകാര്യ സ്ഥാപനമായ മൊസാക് ഫൊന്‍സേകയുടെ കള്ളപ്പണനിക്ഷേപ വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നത്. 500 ഇന്ത്യക്കാരുടെ പേരുവിവരങ്ങളാണ് പുറത്തുവന്ന രേഖകളില്‍ ഉണ്ടായിരുന്നത്. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഐശ്വര്യാ റായ്, വ്യവസായി ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി എന്നിവരുടെ പേരുകളും പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.

