പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിൽ മുതല മുട്ടകൾ വിരിഞ്ഞത് കൗതുകമായി

തളിപ്പറമ്പ്: പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിൽ മുതലയുടെ മുട്ടകൾ വിരിഞ്ഞു. ഇവിടെ ഉണ്ടായിരുന്ന 15 മുട്ടകളിൽ 9 എണ്ണമാണ് ഇപ്പോൾ വിരിഞ്ഞിരിക്കുന്നത്. 65 ദിവസമാണു മുട്ടകൾ വിരിയാനെടുത്തത്. മാർച്ച് ആദ്യവാരത്തിലാണു പാർക്കിലെ മുതലകളിലൊന്നു മുട്ടിയിടാനുള്ള ലക്ഷണങ്ങൾ അധികൃതർ കണ്ട്തുടങ്ങിയത്.
തുടർന്ന് അധികൃതരുടെ നേതൃത്വത്തിൽ ഇവയുടെ കൂട്ടിൽ മണൽ വിതറുകയായിരുന്നു. മണലിൽ കാലുകൾ കൊണ്ടു കുഴി നിർമിച്ചാണ് മുട്ടകൾ സംരക്ഷിക്കുന്നത്. പാർക്കിൽ ഇവയ്ക്ക് ആവശ്യമായ ആവാസ വ്യവസ്ഥ ഉള്ളതിനാലാണു മുട്ടകൾ വിരിഞ്ഞതെന്ന് അധികൃതർ പറയുന്നു.

35 വർഷം വരെ ആയുസ്സുള്ള മഗ്ഗർ ക്രോക്കഡൈൽ ഇനത്തിൽപ്പെട്ട 26 മുതലകളാണ് ഇവിടെ ഉള്ളത്. മുതലക്കുഞ്ഞുങ്ങൾ ഒരു മാസത്തോളം പ്രത്യേക നിരീക്ഷണത്തിലായിരിക്കുമെന്ന് വെറ്ററിനറി ഓഫിസർ ഡോ. അഹമ്മദ് സിയ അറിയിച്ചു.

